റിലയൻസ് അനിൽ അംബാനി ​ഗ്രൂപ്പിനെതിരായ കേസിൽ 1021 കോടി രൂപയുടെ സ്വത്തുക്കൾ കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) കണ്ടുകെട്ടി. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ്(RHFL) റിലയൻസ് കൊമേഴ്ഷ്യൽ ഫിനാൻസ് ലിമിറ്റഡ്(RCFL) എന്നിവയുമായി ബന്ധപ്പെട്ട കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇഡിയുടെ നടപടി.

ന്യൂഡൽഹി: റിലയൻസ് അനിൽ അംബാനി ​ഗ്രൂപ്പിനെതിരായ കേസിൽ 1021 കോടി രൂപയുടെ സ്വത്തുക്കൾ കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) കണ്ടുകെട്ടി. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ്(RHFL) റിലയൻസ് കൊമേഴ്ഷ്യൽ ഫിനാൻസ് ലിമിറ്റഡ്(RCFL) എന്നിവയുമായി ബന്ധപ്പെട്ട കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇഡിയുടെ നടപടി. ഇതോടെ അനിൽ അംബാനിയുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ 20,367 കോടി രൂപയുടെ വസ്തുവകകളാണ് ഇഡി കണ്ടുകെട്ടിയിട്ടുള്ളത്. ശനിയാഴ്ച കണ്ടുകെട്ടിയ സ്വത്തിൽ റിലയൻസ് പവർ ലിമിറ്റഡിന്റെ ഓഹരികളും ഉൾപ്പെടുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൊതുമേഖല ബാങ്കുകളടക്കം നൽകിയ പരാതിയിൽ സിബിഐ കേസെടുത്തതിന് പിന്നാലെയാണ് അനിൽ അംബാനിയുടെ റിലയൻസ് ​ഗ്രൂപ്പിനെതിരേ ഇഡിയും അന്വേഷണം ആരംഭിച്ചത്. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് കൊമേഴ്ഷ്യൽ ഫിനാൻസ് ലിമിറ്റഡ് എന്നിവയിലൂടെ സമാഹരിച്ച പൊതുപണമായ 15,548 കോടി രൂപ റിലയൻസ് അനിൽ അംബാനി ​ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള വിവിധ ഷെൽ കമ്പനികളിലൂടെയും ​ഗ്രൂപ്പിന്റെ വിവിധ കമ്പനികളിലൂടെയും വകമാറ്റിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം, വിദേശനാണ്യ വിനിമയ ചട്ടലംഘനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇഡി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 80-ലേറെ കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് നടത്തി. റിലയൻസ് അനിൽ അംബാനി ​ഗ്രൂപ്പുമായി ബന്ധപ്പെട്ട എട്ട് മുതിർന്ന ഉദ്യോ​ഗസ്ഥരും അറസ്റ്റിലായി.