
ദില്ലി: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ക്കെതിരെയുള്ള കേസ് എന്‍ഐഎ കോടതിയിലേക്ക് മാറ്റിയത് ഗൗരവകരമായ വിഷയമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. വിഷയത്തില്‍ രാഷ്ട്രീയപരമായോ മതപരമായോ വിവേചനം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞിരുന്നു, തുടർനടപടികളിൽ അനുഭാവപൂർവമായ നിലപാട് സ്വീകരിക്കുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതായും എന്‍ കെ പ്രേമചന്ദ്രന്‍ വ്യക്തമാക്കി.
'ജയിലിൽ കഴിയുന്ന കന്യാസ്ത്രീമാരെ കണ്ടിരുന്നു. ഛത്തീസ്സ്ഗഡ് മുഖ്യമന്ത്രിയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. കെ സി വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും ലോക്സഭയിൽ വിഷയം ഉന്നയിച്ച് സംസാരിച്ചിട്ടുണ്ട്. സഭയിൽ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയപരമായോ മതപരമായോ വിവേചനം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞിരുന്നു. തുടർനടപടികളിൽ അനുഭാവപൂർവമായ നിലപാട് സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി ഉറപ്പു നൽകിയതാണ്. എന്‍ഐഎ കോടതിയിലേക്ക് കേസ് മാറ്റിയത് ഗൗരവകരമായ വിഷയമാണ്. എന്ത് ദേശ സുരക്ഷ വിഷയമാണ് ഈ കേസിലുള്ളതെന്ന് മനസ്സിലാകുന്നില്ല' എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതിരുന്ന ചത്തീസ്ഗഡ് സെഷൻസ് കോടതി, അപേക്ഷ ബിലാസ്പൂർ എൻഐഎ കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ കന്യാസ്ത്രീകൾ ജയിലിൽ തുടരുമെന്ന് വ്യക്തമായി. അഞ്ചു ദിവസം മുമ്പാണ് ചത്തീസ്ഗഡിൽ വെച്ച് മലയാളികളായ കന്യാസ്ത്രീകൾ അറസ്റ്റിലാവുന്നത്.
അതിനിടെ, അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബജ്രംഗ്ദൾ പ്രവർത്തകർ രംഗത്തെത്തി. കോടതിക്ക് മുന്നില്‍ നാടകീയരംഗങ്ങളാണ് അരങ്ങേറിയത്. ഛത്തീസ്ഗഡ് സെഷൻസ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിലായിരുന്നു കോടതിക്ക് മുന്നിൽ പ്രതിഷേധവുമായി ബജ്രംഗ്ദൾ പ്രവർത്തകർ എത്തിച്ചേർന്നത്. ജ്യോതി ശർമയുൾപ്പെടെയുള്ള നേതാക്കൾ മുദ്രാവാക്യം വിളികളോടെയാണ് കോടതിക്ക് മുന്നിലെത്തിയത്. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുന്ന സമയത്ത് ബജ്രംഗ്ദൾ പ്രവർത്തകർ അവരെ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. യാതൊരു കാരണവശാലും കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.