
ദില്ലി: മലയാളി വൈദികർക്ക് ജബൽപൂരിൽ മർദനമേറ്റ സംഭവം ലോക്സഭയിൽ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. ന്യൂനപക്ഷങ്ങൾക്കെതിരെ നടന്നത് ക്രൂരമായ ആക്രമണമാണെന്നും വിശ്വാസികളുടെയും വൈദികരുടെയും ഭരണഘടനാവകാശങ്ങൾ ലംഘിക്കപ്പെട്ടു എന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. ശൂന്യവേളയിലാണ് കൊടിക്കുന്നിൽ സുരേഷ് വിഷയം ഉന്നയിച്ചത്. തീവ്ര ഹിന്ദുത്വവാദികളാലാണ് വൈദികര്‍ ആക്രമിക്കപ്പെട്ടത്. ഹിന്ദുത്വവാദികളുടെ അസഹിഷ്ണുത വെളിപ്പെട്ടു.നിയമപാലനത്തിലും മത സ്വാതന്ത്ര്യത്തിലും ആശങ്ക ഉയർത്തുന്ന സംഭവമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ചൂണ്ടിക്കാട്ടി.
രാജ്യത്തൊട്ടാകെയും മണിപ്പൂരിലും ക്രൈസ്തവർക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങൾ കേന്ദ്രം അപലപിക്കുന്നില്ലെന്നും എംപി ചൂണ്ടിക്കാട്ടി. ജബൽപൂരിലെ വൈദികർക്ക് നേരെയുള്ള ആക്രമണം ലോക്സഭയിൽ ശക്തമായി ഉന്നയിച്ചു. വഖഫ് ബില്ല് ലോക്സഭയിൽ വന്നപ്പോൾ ക്രൈസ്തവരെ കുറിച്ച് മുതലക്കണ്ണീരൊഴുക്കിയ മന്ത്രിമാരും ബിജെപിയും ജബൽപൂരിലെ ആക്രമണത്തിൽ നിശബ്ദത പാലിക്കുകയാണ് ചെയ്തത്. സർക്കാർ സഭയിൽ മറുപടി പറയാൻ തയ്യാറായില്ല. പരാതി കൊടുത്തിട്ട് പോലും അക്രമികളെ അറസ്റ്റ് ചെയ്യാൻ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സഭയിൽ ബഹളം വെച്ച് ഭരണപക്ഷം പ്രസംഗം തടസ്സപ്പെടുത്തി. ഇപ്പോൾ കാണിക്കുന്ന ക്രൈസ്തവ സ്നേഹം വോട്ട് ബാങ്കിന് വേണ്ടിയാണ്. വഖഫ് ബില്ലിൽ കോൺഗ്രസ് പാർട്ടിക്ക് ആകെ ലഭിച്ചത് ഒന്നര മണിക്കൂർ മാത്രമാണ്. ഈ സമയത്തിനുള്ളിൽ ആരൊക്കെ സംസാരിക്കണം എന്നതിൽ നേരത്തെ ലിസ്റ്റ് ഉണ്ടാക്കിയിരുന്നു. ലിസ്റ്റ് രാഹുൽ ഗാന്ധി അംഗീകരിച്ച ശേഷമാണ് ലോക്സഭയിൽ ആ ലിസ്റ്റിലുള്ള നേതാക്കൾ പ്രസംഗിച്ചത്. സംസാരിച്ച എല്ലാ അംഗങ്ങളും നല്ല രീതിയിൽ വിഷയം അവതരിപ്പിച്ചു.
പ്രിയങ്ക ഗാന്ധി ഇപ്പോൾ സ്ഥലത്തില്ല. വേണ്ടപ്പെട്ട ഒരാളുടെ ചികിത്സയുമായി ബന്ധപ്പെട്ട് യുഎസിൽ പോയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. അതുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധി സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. കൂടാതെ പാർട്ടിയെയും അറിയിച്ചു. അനുവാദം വാങ്ങിയ ശേഷമാണ് വിദേശത്ത് പോയത്. രാജ്യസഭയിൽ വഖഫ് ബില്ല് പാസായി കഴിഞ്ഞാൽ എന്താണ് അടുത്ത നടപടിയെന്ന് ഇന്ത്യ ബ്ലോക്ക് ഒന്നായി തീരുമാനിക്കേണ്ടതാണ്. ഇപ്പോൾ അതുമായി ബന്ധപ്പെട്ട ഒരാലോചനയുമില്ല. ലോക്സഭയിൽ ഇന്ത്യ ബ്ലോക്കിന് ലഭിച്ച വോട്ടുകൾ പ്രതിപക്ഷത്തിന്റെ കരുത്ത് കാണിക്കാൻ സാധിച്ചു എന്നതിന്റെ തെളിവാണ്. വഖഫ് ബില്ലിൽ ജോസ് കെ മാണിയുടെ നിലപാടിനെ കുറിച്ച് വിശദീകരിക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.