അയോധ്യ സംഭാവനക്കൊള്ളയിൽ പ്രധാനമന്ത്രി മറുപടി പറയണം; രാമനിൽ വിശ്വസിക്കുന്ന സാധാരണക്കാർ ആശങ്കാകുലരാണെന്ന് ഖാർഗെ

Published : Aug 09, 2026, 02:09 PM IST
Mallikarjun Kharge

Synopsis

അയോധ്യ സംഭാവനക്കൊള്ളയിൽ പ്രധാനമന്ത്രി മറുപടി പറയണമെന്ന് മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി പാർലമെന്റിൽ നേരിട്ടെത്തി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട ഖാർഗെ, ജനങ്ങൾക്ക് വേണ്ടിയാണ് പ്രതിപക്ഷം ഈ വിഷയം ഉന്നയിക്കുന്നതെന്നും പറഞ്ഞു.

ദില്ലി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ നേരിട്ടെത്തി മറുപടി പറയണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ജനങ്ങൾക്ക് വേണ്ടിയാണ് പ്രതിപക്ഷം ഈ വിഷയം സഭയിൽ ഉന്നയിക്കുന്നത്. ക്ഷേത്രത്തിനകത്തുണ്ടായിരുന്ന ആഭരണങ്ങൾ, വെള്ളി, സ്വർണം, പണം, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ മോഷണം പോയെന്ന ഗുരുതരമായ വിഷയമാണ് തങ്ങൾ ഉന്നയിക്കുന്നതെന്നും ഖാർഗെ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

"ക്ഷേത്രത്തിന്റെ മേൽനോട്ടത്തിന് ട്രസ്റ്റിനെ നിയമിച്ചത് ആരാണ്? നമ്മുടെ പ്രധാനമന്ത്രി. ആരാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്? അത് അദ്ദേഹം. ആരാണ് പൂജകൾക്ക് തുടക്കമിട്ടത്? അതും അദ്ദേഹം. രാമക്ഷേത്രത്തിൽ കൊടി ഉയർത്തിയത് ആരാണ്? അതും അദ്ദേഹം തന്നെ. ട്രസ്റ്റ് അംഗങ്ങളെ തിരഞ്ഞെടുത്തതും അദ്ദേഹം. എല്ലാ കാര്യങ്ങൾക്കും ചുക്കാൻ പിടിച്ചത് പ്രധാനമന്ത്രിയായതുകൊണ്ട്, അദ്ദേഹം തന്നെ സഭയിൽ വന്ന് മറുപടി നൽകണമെന്നാണ് ഞങ്ങളുടെ ആവശ്യം"- ഖാർഗെ വ്യക്തമാക്കി.

ആഭരണങ്ങൾ, വെള്ളി, സ്വർണം, പണം, സ്വർണക്കട്ടികൾ, സ്വർണത്തിൽ തീർത്ത രാമചരിതമാനസം പുസ്തകം എന്നിവയെല്ലാം കാണാതായെന്നാണ് ആരോപണം. ഇക്കാര്യത്തിൽ പ്രധാനമന്ത്രി വിശദീകരണം നൽകണം. രാമക്ഷേത്രത്തിലും ശ്രീരാമനിലും വിശ്വസിക്കുന്ന സാധാരണ ജനങ്ങൾ ഈ ആരോപണങ്ങളിൽ ആശങ്കാകുലരാണ്. ഇത് അവരുടെ മതവികാരത്തെ വ്രണപ്പെടുത്തി. ഈ വിഷയത്തിൽ പ്രതിപക്ഷം ഇടപെടണമെന്ന് അവർ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ജനങ്ങൾക്ക് വേണ്ടി കോൺഗ്രസ് ഈ വിഷയം ഏറ്റെടുത്തതെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

നേരത്തെ, സമാന വിഷയം ഉന്നയിച്ച് സമാജ്‌വാദി പാർട്ടി എംപിമാർ പാർലമെന്റ് വളപ്പിൽ പ്രതിഷേധിച്ചിരുന്നു. അതേസമയം, അയോധ്യയിലെ സംഭാവനക്കൊള്ള അന്വേഷിക്കാൻ പുതിയ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായി ഉത്തർപ്രദേശ് സർക്കാർ ജൂലൈ 27ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കേസിൽ ഇതുവരെ എട്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പണം എവിടെയെല്ലാം പോയി എന്ന് കണ്ടെത്താനും കൂടുതൽ പേർക്ക് ഇതിൽ പങ്കുണ്ടോയെന്നും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബന്ധുവിന് ജാമ്യം ലഭിക്കാൻ ചീഫ് ജസ്റ്റിസിൻ്റെ ചിത്രംവെച്ച് ശ്മശാനത്തിൽ പൂജ; നാട്ടുകാരെ കണ്ടതും ഓടിരക്ഷപ്പെട്ട് മൂന്നുപേർ
'ബിരുദം കൊണ്ട് ഇനി കാര്യമില്ല'; രാജ്യത്തെ തൊഴിലില്ലായ്മയിൽ കനത്ത ആശങ്ക പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി