റെയ്ഡുകളിൽ ഏകദേശം മൂവായിരത്തോളം കുപ്പി മദ്യം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അറിയപ്പെടാത്തതോ ലേബൽ ഇല്ലാത്തതോ സംശയാസ്പദമായതോ ആയ മദ്യം കഴിക്കരുതെന്ന് പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി

കൊഹിമ: നാഗാലാൻഡിൽ വിഷമദ്യം കഴിച്ച് 19 പേർ മരിച്ചു. വ്യാജമദ്യം കഴിച്ചതിനെത്തുടർന്നാണ് ആളുകൾക്ക് ദുരന്തം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്.സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്. 1990 മുതൽ പൂർണ്ണ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനത്താണ് ഈ ദുരന്തമുണ്ടായിരിക്കുന്നത്. വിഷമദ്യം കഴിച്ചതിനെ തുടർന്ന് മൊകോക്ചുങ് ജില്ലയിൽ എട്ടുപേരും ടു എൻസാങ് ജില്ലയിൽ 11 പേരുമാണ് മരണപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും വിഷമദ്യത്തിന്റെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്താനുമായി അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ഐ. ബംഗ്ലാങ് ചാങ്ങിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയതായി സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് വെസുപ്ര കെസോ ശനിയാഴ്ച അറിയിച്ചു. മരണകാരണം കൃത്യമായി വ്യക്തമാകുന്നതിനായി സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി ഗുവാഹത്തിയിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ പ്രധാനപ്പെട്ട ചില സൂചനകൾ ലഭിച്ചിട്ടുണ്ടെങ്കിലും വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്ന് വെസുപ്ര കെസോ വ്യക്തമാക്കി.

ദുരന്തത്തിന് പിന്നാലെ പോലീസ് വിവിധയിടങ്ങളിൽ വ്യാപക പരിശോധന നടത്തുകയും 19 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. റെയ്ഡുകളിൽ ഏകദേശം മൂവായിരത്തോളം കുപ്പി മദ്യം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അറിയപ്പെടാത്തതോ ലേബൽ ഇല്ലാത്തതോ സംശയാസ്പദമായതോ ആയ മദ്യം കഴിക്കരുതെന്ന് പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മദ്യം കഴിച്ചതിന് ശേഷം തലകറക്കം, കാഴ്ചമങ്ങൽ, ശ്വാസതടസ്സം അല്ലെങ്കിൽ ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നവർ എത്രയും വേഗം വൈദ്യസഹായം തേടണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം