
ബിലാസ്പുർ: ഛത്തീസ്ഗഡിൽ ബന്ധുവിന് ജാമ്യം ലഭിക്കാൻ ചീഫ് ജസ്റ്റിസിൻ്റെ ചിത്രം വെച്ച് പൂജ നടത്തി നാലംഗ സംഘം. ബിലാസ്പൂരിലെ ദേവ്രി ഗ്രാമത്തിലാണ് വിചിത്രമായ സംഭവം നടന്നത്. നാലുപേർ ചേർന്ന് ശ്മശാനത്തിൽവെച്ച് അസ്വാഭാവിക പ്രവൃത്തികൾ ചെയ്യുന്നത് കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. നാട്ടുകാരെ കണ്ട് മൂന്നുപേർ ഓടിരക്ഷപ്പെട്ടെങ്കിലും ഒരാളെ പിടികൂടി പൊലീസിന് കൈമാറി. ഇയാളെ ബിലാസ്പുർ പൊലീസ് ശനിയാഴ്ച ചോദ്യംചെയ്തു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സിപാത് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ശ്മാശനത്തിൽ നടന്ന അസ്വാഭാവിക പ്രവൃത്തികൾ ശ്രദ്ധയിൽപെട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും മൂന്നുപേർ ഓടിരക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ ഒരാളെ പിടികൂടി. ഋഷികേശ് കുമാർ ആണ് പിടിയിലായത്. ഇയാളെ പൊലീസിന് കൈമാറിയതായി എസ്പി രാജ്നേഷ് സിങ് അറിയിച്ചു.
സംഭവസ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയിൽ മത്സ്യം, നാരങ്ങ, കുങ്കുമം, ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാമേഷ് സിൻഹയുടെ ചിത്രം, മറ്റ് രണ്ടുപേരുടെ ചിത്രങ്ങൾ എന്നിവ കണ്ടെടുത്തു. ചോദ്യംചെയ്യലിൽ, ബന്ധുവായ പ്രിയാൻഷു ബോലെയും മറ്റു ചിലരും കത്തിക്കുത്ത് കേസിൽ അറസ്റ്റിലായെന്നും ഒരാൾക്ക് ജാമ്യം ലഭിച്ചുവെന്നും മറ്റുള്ളവരുടെ ജാമ്യാപേക്ഷ കോടതി മുമ്പാകെ ആണെന്നും ഋഷികേശ് കുമാർ പറഞ്ഞു. പൂജാ വീഡിയോ കണ്ടാണ് താനും മൂന്ന് സുഹൃത്തുക്കളും ജാമ്യം ലഭിക്കാനുള്ള പൂജ നടത്താനായി ശ്മാശനത്തിൽ എത്തിയെന്നും കുമാർ പൊലീസിന് മൊഴി നൽകി.
സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് എസ്പി രാജ്നേഷ് സിങ് അറിയിച്ചു. സ്ഥലത്ത് നിന്ന് ലഭിച്ച മറ്റ് ചിത്രങ്ങളിൽ ഒന്ന് ബന്ധുവായ പ്രിയാൻഷു ബോലെയുടേതാണെന്നും മറ്റൊന്ന് കത്തിക്കുത്ത് കേസിൽ കൊല്ലപ്പെട്ട ആളാണെന്നുമാണ് പൊലീസ് നൽകുന്ന വിവരം. ഇത്തരം പ്രവൃത്തികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പൂജ നടത്തിയാൽ ജാമ്യം ലഭിക്കില്ലെന്നും ക്രിമിനലുകൾ സ്വയം നന്നാകണമെന്നും എസ്പി ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam