
ദില്ലി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അപമാനിതനായ സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് മാപ്പ് പറയണമെന്നാണ് ആവശ്യമെന്ന് എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് ആഹ്വാനം ചെയ്തെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. ജില്ലാ കേന്ദ്രങ്ങളിൽ വൈകീട്ട് പ്രതിഷേധം സംഘടിപ്പിക്കുമെന്നും എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി വിവരിച്ചു. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലെ വേദിയിൽ അപമാനിതനായെന്നാണ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ഇന്ന് രാജ്യസഭയിൽ പരാതി പറഞ്ഞത്. കഴിഞ്ഞ ശനിയാഴ്ച ഖര്‍ഗെയുടെ പ്രസംഗം നടന്ന വേദി ശ്രീറാം സേന ധർമ്മാര്‍ത്ഥ് സേവ ന്യാസ് എന്ന സംഘടന ശുദ്ധീകരിച്ചിരുന്നു. ദളിതനായതുകൊണ്ടാണ് വിവേചനം നേരിട്ടതെന്നും, രാജ്യത്ത് തൊട്ട് കൂടായ്മ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും ഖര്‍ഗെ ആഞ്ഞടിച്ചിരുന്നു. സംഭവത്തെ കേന്ദ്ര മന്ത്രി ജെ പി നദ്ദയും, ചെയര്‍മാന്‍ സി പി രാധാകൃഷ്ണനും ശക്തമായി അപലപിച്ചു. അന്വേഷണത്തിനും കേന്ദ്രം ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം എഫ് സി ആർ എ ഭേദഗതി ബില്ലിൽ ജെ പി സി നടപടികളോട് പ്രതിപക്ഷം സഹകരിക്കുമെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി. ജെ പി സിക്ക് മുൻപാകെ കോൺഗ്രസിന്‍റെ പ്രതിഷേധം അറിയിക്കുമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam