
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളിയായ കേന്ദ്രസർക്കാർ ജീവനക്കാരി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ റോഡിൻ്റെ ശോച്യാവസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ. അനന്തനഗറിൽ ബുധനാഴ്ച വൈകുന്നേരം മെഴുകുതിരി കത്തിച്ച് നടത്തിയ പ്രകടനത്തിൽ നൂറുകണക്കിന് നാട്ടുകാർ പങ്കെടുത്തു. യുവതിയുടെ മരണത്തിന് കാരണം ചന്ദപുര മുനിസിപ്പൽ കൗൺസിലിൻ്റെ ഗുരുതര അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിച്ചു. മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച നാട്ടുകാർ, അനേക്കൽ എംഎൽഎ ശിവണ്ണയ്ക്കെതിരെയും രംഗത്തെത്തി. എംഎൽഎയും തദ്ദേശ സ്ഥാപന അധികൃതരും തങ്ങളുടെ ആവശ്യങ്ങൾ ചെവിക്കൊള്ളുന്നില്ലെന്ന് അനേക്കൽ താലൂക്ക് റെസ്പോൺസിബിൾ സിറ്റി ഫോറം പ്രതിനിധി പറഞ്ഞു.
ഇലക്ട്രോണിക് സിറ്റിയിലെ ഹെബ്ബഗോഡിയിൽ ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെ ഉണ്ടായ അപകടത്തിലാണ് ഇപിഎഫ്ഒയിലെ ജീവനക്കാരിയും മലയാളിയുമായ മേധ ആകര്‍ഷ് (32) കൊല്ലപ്പെട്ടത്. ഇരുചക്രവാഹനത്തിൽ സുഹൃത്തിനൊപ്പം ഓഫീസിലേക്ക് പോകവെ ആണ് അപകടം ഉണ്ടായത്. റോഡിലെ കുഴിയിൽ ചാടാതിരിക്കാൻ മുന്നിൽ പോയ കാർ ബ്രേക്ക് പിടിച്ചതിനിടെ, ഇരുചക്രവാഹനത്തിന് നിയന്ത്രണം നഷ്ടപ്പെടുകയും മേധ റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ഇതിനിടെ, പിന്നാലെ എത്തിയ ചരക്ക് വാഹനം യുവതിയുടെ ശരീരത്തിൽ കൂടി കയറിയിറങ്ങുകയും യുവതിക്ക് തൽക്ഷണം മരണം സംഭവിക്കുകയും ചെയ്തു.
റോഡിൽ അറ്റകുറ്റപ്പണി നടന്നിട്ട് വർഷങ്ങളായെന്ന് മരിച്ച യുവതിയുടെ സുഹൃത്ത് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. യുവതിയുടെ മരണത്തിന് ഉത്തരവാദികൾ അധികൃതരാണെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രദേശവാസി പറഞ്ഞു. മോശം അറ്റകുറ്റപ്പണി ആണ് മുനിസിപ്പൽ കൗൺസിൽ അധികൃതർ നടത്തുന്നതെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. പ്രതിഷേധത്തെ തുടർന്ന് മുഴുവൻ വകുപ്പുകളുടെയും യോഗം വിളിച്ചുചേർക്കാമെന്ന് മുനിസിപ്പൽ അധികൃതർ ഉറപ്പുനൽകിയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
കോഴിക്കോട് ബാലുശേരി അറപ്പീടിക ഖാദി റോഡ് കൊട്ടക്കാട്ട് വീട്ടില്‍ റിട്ട. അധ്യാപകന്‍ പൃഥിരാജ് മുടക്കല്ലൂരിന്റെ മകളാണ് മരിച്ച മേധ. ഐടി ജീവനക്കാരനായ എസ് എല്‍ ആകര്‍ഷ് ഭർത്താവാണ്. മൃതദേഹം സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. യുവതിയുടെ മരണത്തിൽ ഇലക്ട്രോണിക് സിറ്റി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam