
കൊല്‍ക്കത്ത: രാഷ്ട്രപതിക്കെതിരായ മന്ത്രിയുടെ വിവാദ പരാമർശത്താൽ മാപ്പ് ചോദിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. മന്ത്രി അഖിൽ ഗിരിയുടെ പരാമർശങ്ങളെ അപലപിക്കുന്നു. പാർട്ടിക്ക് വേണ്ടി താൻ ക്ഷമ ചോദിക്കുന്നു. രാഷ്ട്രപതിയോട് ആദരവ് മാത്രമേയുള്ളുവെന്നും ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രപതി ദ്രൗപതി മുർമുവിനെതിരായ പശ്ചിമബംഗാൾ മന്ത്രി അഖിൽ ഗിരിയുടെ അധിക്ഷേപ പ്രസംഗം വിവാദമായതിന് പിന്നാലെയാണ് പ്രതികരണം.
അതേസമയം, പ്രസംഗത്തിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെ പ്രസംഗത്തില്‍ ക്ഷമ ചോദിച്ച് മന്ത്രി രംഗത്ത് എത്തിയിരുന്നു. പക്ഷേ, അഖിൽ ഗിരിയുടെ രാജി ആവശ്യപ്പെട്ട് ബംഗാളിലെ പ്രതിപക്ഷമായ ബിജെപി പ്രതിഷേധം കടുപ്പിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ പ്രകാരം രാംനഗറിലെ തൃണമൂൽ കോൺഗ്രസ് എംഎൽഎയും, സംസ്ഥാന മന്ത്രിയുമായ അഖിൽ ഗിരി രാഷ്ട്രപതി ദ്രൗപതി മുർമുവിന്‍റെ രൂപത്തെക്കുറിച്ചാണ് മോശം പരാമര്‍ശം നടത്തിയത്.
വെള്ളിയാഴ്ച വൈകിട്ട് നന്ദിഗ്രാമിൽ നടന്ന പൊതുയോഗത്തിലായിരുന്നു പരാമർശം. “എനിക്ക് നല്ല ഭംഗിയില്ലെന്ന് അവർ (ബിജെപി) പറയുന്നത്. ഞങ്ങൾ ആരെയും അവരുടെ രൂപം നോക്കി വിലയിരുത്തില്ല. രാഷ്ട്രപതിയുടെ ഓഫീസിനെ ഞങ്ങൾ ബഹുമാനിക്കുന്നു. എന്നാൽ നമ്മുടെ രാഷ്ട്രപതിയെ എങ്ങനെ കാണുന്നില്ലല്ലോ? മന്ത്രി പറയുന്നത് വീഡിയോയില്‍ ഉണ്ട്. പ്രസംഗം വിവാദമായതിന് പിന്നാലെ മന്ത്രി ക്ഷമ ചോദിച്ച് രംഗത്ത് എത്തി.
ശനിയാഴ്‌ച പ്രസംഗം വിവാദമായപ്പോള്‍ പ്രതികരിച്ച മന്ത്രി. 'ഞാൻ രാഷ്ട്രപതിയോട് അനാദരവ് കാണിച്ചെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ അത് തെറ്റാണ്. ഇത്തരമൊരു പരാമർശം നടത്തിയതിന് ഞാൻ ക്ഷമ ചോദിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ പ്രസിഡന്റിനോട് എനിക്ക് അതിയായ ബഹുമാനമുണ്ട്" എന്ന് പറഞ്ഞു.
ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ മോശം വാക്കുകള്‍ ഉപയോഗിച്ച് ആക്രമിച്ചതിന് മറുപടി പറഞ്ഞതാണ് എന്നും ഗിരി പറഞ്ഞു. ഭരണഘടനയുടെ ധാർമ്മികത കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്ന ഒരു മന്ത്രി ഇത്തരത്തിൽ അപകീർത്തികരമായ പരാമർശം നടത്തിയാൽ അദ്ദേഹത്തെ പുറത്താക്കണമെന്ന് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാഷ്ട്രപതിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തി ബംഗാള്‍ മന്ത്രി; രാജി വേണമെന്ന് ബിജെപി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam