മമതയുടെ ഏറ്റവും വിശ്വസ്ത, 40 വർഷമായി ഒപ്പമുള്ള നേതാവ്; വൻ തോൽവിക്ക് പിന്നാലെ കടുത്ത തീരുമാനമെടുത്ത് കകോലി ഘോഷ്; പദവികൾ രാജിവെച്ചു

Published : May 25, 2026, 09:15 AM IST
Kakoli Ghosh Dastidar

Synopsis

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വിശ്വസ്തയായ കാകോലി ഘോഷ് ദസ്തിദാർ തൃണമൂൽ കോൺഗ്രസിലെ പാർട്ടി പദവികൾ രാജിവെച്ചു. ഐ-പാക്കിനോടുള്ള അതൃപ്തി, ഭരണത്തിലെ അഴിമതി, പാർട്ടിയിലെ മോശം പ്രകടനം എന്നിവയാണ് രാജിക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കേന്ദ്രം 'വൈ' കാറ്റഗറി സുരക്ഷ അനുവദിച്ചതോടെ അവർ ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്.

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഏറ്റവും വിശ്വസ്തയും മുതിർന്ന തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നേതാവുമായ കാകോലി ഘോഷ് ദസ്തിദാർ പാർട്ടി പദവികൾ രാജിവെച്ചു. ലോക്സഭയിലെ ടി.എം.സി ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് തന്നെ മാറ്റി കല്യാൺ ബാനർജിയെ നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് നാടകീയ നീക്കങ്ങൾ. തൃണമൂലിന്റെ ബാരാസത്ത് സംഘടനാ ജില്ലാ അധ്യക്ഷ പദവിയും മഹിളാ വിങ് അധ്യക്ഷ സ്ഥാനവുമാണ് കാകോലി ഒഴിഞ്ഞത്. എം.പി സ്ഥാനവും രാജിവെച്ചേക്കുമെന്നാണ് സൂചന.

​പാർട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്‌കരിച്ച രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക്കിനെതിരെ കടുത്ത വിമർശനമാണ് കാകോലി ഘോഷ് കഴിഞ്ഞ ദിവസം ഉയർത്തിയത്. ബാരാസത്ത് മണ്ഡലത്തിലെ പാർട്ടിയുടെ മോശം പ്രകടനത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് രാജി കത്തെന്നും, പുറത്തുനിന്നുള്ള ഏജൻസികളെ വിശ്വസിക്കുന്നതിന് പകരം മമത ബാനർജി വിശ്വസ്‌തരായ സ്വന്തം പ്രവർത്തകരെ ആശ്രയിക്കണമെന്നും അവർ ആവശ്യപ്പെട്ടു. 40-45 വർഷത്തെ രാഷ്ട്രീയ പരിചയമുള്ള തങ്ങളെപ്പോലുള്ളവരെ ഭീഷണിപ്പെടുത്താൻ കൺസൾട്ടന്റ് സ്ഥാപനത്തിലെ 22-ഉം 23-ഉം വയസ്സുള്ള കുട്ടികൾ വരുന്നത് അംഗീകരിക്കാനാകില്ലെന്ന് അവർ തുറന്നടിച്ചു.

​സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയും ഭരണതലത്തിലെ അഴിമതിയും ചൂണ്ടിക്കാട്ടിയാണ് കാകോലി രാജി സമർപ്പിച്ചത്. ബംഗാൾ സർക്കാരിന്റെ വിവിധ അഴിമതി ആരോപണങ്ങൾ തങ്ങളുടെ കുടുംബത്തിന്റെ അന്തസ്സിനെ ബാധിച്ചുവെന്നും അതിനാലാണ് അമ്മ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും കാകോലിയുടെ മകൻ ബൈദ്യനാഥ് ഘോഷ് വ്യക്തമാക്കി. തൊഴിൽ തട്ടിപ്പും റേഷൻ അഴിമതിയും ആർ.ജി കർ മെഡിക്കൽ കോളേജ് സംഭവവുമെല്ലാം പാർട്ടി ഇമേജിനെ സാരമായി ബാധിച്ചുവെന്നും മമതയോടുള്ള വ്യക്തിപരമായ അടുപ്പം കാരണം ഇത്രയും നാൾ അമ്മ മൗനം പാലിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​1976 മുതൽ മമത ബാനർജിയോടൊപ്പം സഞ്ചരിക്കുന്ന കാകോലി ഘോഷ്, നാല് പതിറ്റാണ്ടിന്റെ വിശ്വസ്തതയ്ക്കുള്ള സമ്മാനമാണ് തനിക്ക് ലഭിച്ചതെന്ന് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഇതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കാകോലിക്ക് 'വൈ കാറ്റഗറി' (Y category) സുരക്ഷ അനുവദിച്ചത് അവർ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് ബംഗാളിൽ ആക്കം കൂട്ടിയിട്ടുണ്ട്. എന്നാൽ കാകോലി ബി.ജെ.പിയിൽ ചേരുന്നതിനെക്കുറിച്ചല്ല, മറിച്ച് അഴിമതിക്കെതിരെയുള്ള നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് കുടുംബത്തിന്റെ പ്രതികരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിബിഎസ്ഇ സാങ്കേതിക പ്രതിസന്ധി: ഐഐടി വിദഗ്ധരും സിബിഎസ്ഇ ഉദ്യോഗസ്ഥരും ഓൺലൈൻ യോഗം ചേർന്നു
അമ്മായിഅമ്മയെ തോളിലേറ്റി കാട്ടുവഴികളിലൂടെ നടന്നത് ഒൻപത് കിലോമീറ്റർ; എല്ലാം നാല് മാസമായി മുടങ്ങിയ ക്ഷേമപെൻഷൻ കൈപ്പറ്റാൻ