
ദില്ലി : അപ്രതീക്ഷിത തിരിച്ചടി പാർട്ടിക്കുള്ളിൽ നിന്നും നേരിട്ട ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി കളം മാറ്റിചവിട്ടാൻ നീക്കം നടത്തുന്നു. നിലവിൽ എംഎൽഎ പോലുമല്ലാത്ത മമത ബാനർജി ബംഗാൾ വിട്ട് ലോക്‌സഭയിലേക്ക് പോകുമെന്നാണ് സൂചന. ടിഎംസി എംപിയും മുൻ ക്രിക്കറ്റ് താരവുമായ യൂസഫ് പഠാനെ രാജിവയ്പ്പിച്ച് ബഹാറംപൂർ സീറ്റിൽ നിന്ന് മമത ജനവിധി തേടുമെന്നാണ് അഭ്യൂഹം. 2024 ലാണ് യൂസഫ് പഠാൻ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൌധരിയെ തോൽപ്പിച്ച് ലോക്സഭയിലെത്തുന്നത്.
ബംഗാളിൽ വലിയ തിരിച്ചടിയാണ് പാർട്ടിക്കുള്ളിൽ നിന്നും പോലും മമത നേരിടുന്നത്. നിലവിലെ സാഹചര്യം മുതലെടുത്ത് എം പിമാരെ റാഞ്ചാനുള്ള നീക്കം ബി ജെ പി ശക്തമാക്കിയെന്നാണ് സൂചന. അങ്ങനെയെങ്കിൽ പാർലമെൻ്റിലും തൃണമൂൽ ദുർബലമായേക്കുമെന്ന കണക്കുകൂട്ടലിലാണ് കളം മാറ്റി കളിക്കാനുള്ള മമതയുടെ പുതിയ നീക്കം. 20 എംപിമാർ പാർട്ടി വിടുമെന്നും എം പിമാർ ഉടൻ ദില്ലിയിലെത്തുമെന്ന റിപ്പോർട്ടുകളാണ് പിന്നിൽ ബി ജെ പി നീക്കമുണ്ടെന്ന് വ്യക്തമാക്കുന്നത്. ബി ജെ പി നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരിക്കൊപ്പം ഇവർ ബി ജെ പി ദേശീയ അധ്യക്ഷനെ കാണുമെന്നാണ് പുറത്ത് വരുന്ന സൂചന.
തൃണമൂലിന്റെ ആകെ 42 എം പിമാരിൽ ഇരുപതോളം പേർ ബി ജെ പി നേതൃത്വവുമായി ചർച്ചകൾ നടത്തുന്നുണ്ടെന്ന വിവരം പുറത്തുവന്നത് മമത ബാനർജി പക്ഷത്തിന് കനത്ത പ്രഹരമായി മാറിയിരിക്കുകയാണ്. ലോക്സഭയിലെ 29 ഉം രാജ്യസഭയിലെ 13 ഉം എം പിമാരിൽ ഇരുപതോളം പേർ ബി ജെ പിയിലേക്ക് കൂടുമാറിയാൽ തൃണമൂലിന് വൻ തിരിച്ചടിയാകും.
പാർട്ടി കൈവിട്ടുപോകുന്ന സാഹചര്യത്തിലാണ് ഡൽഹിയിലെ നീക്കങ്ങളെ പ്രതിരോധിക്കാൻ മമത ബാനർജിയും ചടുലമായ നീക്കങ്ങൾ ആരംഭിച്ചത്. നിയമസഭയിൽ 59 എം എൽ എമാരുടെ പിന്തുണയോടെ ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവായി ചുമതലയേറ്റതിന് പിന്നാലെയാണ് ബംഗാൾ രാഷ്ട്രീയം ഇപ്പോൾ പൂർണ്ണമായും ഡൽഹിയിലേക്ക് കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ ദിവസം മമത വിളിച്ച യോഗത്തിൽ ആറ് എം.പിമാർ മാത്രമാണ് പങ്കെടുത്തിരുന്നത്. ഈ സാഹചര്യത്തിലാണ് മമതയും കളംമാറ്റിച്ചവിട്ടാൻ നീക്കം തുടങ്ങിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam