മുസാഫർപൂർ സ്വദേശിയായ 82-കാരൻ കാമേശ്വർ മിശ്ര പെൻഷൻ വാങ്ങാനെത്തിയപ്പോൾ തന്റെ അക്കൗണ്ടിൽ 759 കോടിയിലധികം രൂപ ബാലൻസ് കണ്ട് ഞെട്ടി. മകന്റെ അക്കൗണ്ടിലും സമാനമായ തുക കണ്ടതോടെ സംഭവം ബാങ്ക് അധികൃതരെ അറിയിച്ചു. ഇതൊരു സാങ്കേതിക പിഴവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മിനിറ്റുകൾക്കകം തുക അപ്രത്യക്ഷമായി.

പട്ന: പെൻഷൻ വാങ്ങാനെത്തിയ വയോദികന്റെ അക്കൗണ്ടിൽ ബാങ്ക് ബാലൻസായി കാണിച്ചത് 759 കോടിയിലധികം രൂപ. മുസാഫർപൂർ സ്വദേശിയായ 82-കാരനായ കാമേശ്വർ മിശ്രയ്ക്കാണ് തന്റെ പെൻഷൻ അക്കൗണ്ട് പരിശോധിച്ചപ്പോൾ കൺമുന്നിൽ തെളിഞ്ഞ കോടികളുടെ ബാലൻസ് കണ്ട് ഞെട്ടിയത്. മുസാഫർപൂർ സ്വദേശിയായ കാമേശ്വർ മിശ്ര തന്റെ വാർദ്ധക്യകാല പെൻഷൻ വാങ്ങുന്നതിനായി ജനസേവ കേന്ദ്രത്തിൽ എത്തിയതായിരുന്നു. ഭിന്നശേഷി പെൻഷൻ വാങ്ങുന്ന മകനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പെൻഷൻ തുക പിൻവലിച്ചതിന് ശേഷം അക്കൗണ്ടിലെ ബാക്കി ബാലൻസ് പരിശോധിക്കാൻ കാമേശ്വർ മിശ്ര സിഎസ്‌സി ഓപ്പറേറ്ററോട് ആവശ്യപ്പെടുകയായിരുന്നു. ഈ സമയത്താണ് കമ്പ്യൂട്ടർ സ്ക്രീനിൽ 759,69,51,951 രൂപ (759 കോടിയിലധികം രൂപ) ബാലൻസായി കാണിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംശയം തോന്നി മകന്റെ അക്കൗണ്ട് പരിശോധിച്ചപ്പോഴും സമാനമായ രീതിയിൽ വലിയ തുക സ്ക്രീനിൽ തെളിഞ്ഞു. ഇരു അക്കൗണ്ടുകളിലുമായി ആകെ 1,500 കോടിയിലധികം രൂപയാണ് കാണിച്ചത്. തുക കണ്ട് കാമേശ്വർ മിശ്രയും സിഎസ്‌സി ഓപ്പറേറ്ററും ഒരുപോലെ അമ്പരന്നു. ഇത് ബാങ്കിങ് സംവിധാനത്തിലുണ്ടായ സാങ്കേതിക പിഴവാകാമെന്നാണ് കുടുംബം കരുതുന്നത്. ഇത്രയും വലിയ തുക എവിടെ നിന്നാണ് വന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും, ഈ തെറ്റ് പരിശോധിച്ച് പരിഹരിക്കുന്നതിനായി ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടുണ്ടെന്നും കാമേശ്വർ മിശ്ര വ്യക്തമാക്കി. വിവരം ലഭിച്ചതനുസരിച്ച് ബാങ്ക് അധികൃതർ ഇടപെടുകയും, മിനിറ്റുകൾക്കകം രണ്ട് അക്കൗണ്ടുകളിൽ നിന്നും ഈ തുക അപ്രത്യക്ഷമാവുകയും ചെയ്തു.

സമാനമായ മറ്റ് സംഭവങ്ങൾ

ഇത്തരത്തിൽ പെൻഷൻ അക്കൗണ്ടുകളിൽ വലിയ തുക കാണിക്കുന്ന ഒറ്റപ്പെട്ട സംഭവമല്ല ഇത്. വൈശാലിയിൽ നിന്ന് സമാനമായ രണ്ട് സംഭവങ്ങളും, സമസ്തിപൂർ, നവാദ ജില്ലകളിൽ നിന്ന് ഓരോ സംഭവങ്ങളും ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പെൻഷനർമാരെല്ലാം തങ്ങളുടെ പെൻഷൻ തുക പിൻവലിക്കാൻ പോയ സമയത്ത് അക്കൗണ്ടുകളിൽ 740 കോടിയിലധികം രൂപയാണ് തുടക്കത്തിൽ കണ്ടെത്തിയിരുന്നത്. എന്നാൽ ഇത് കേവലം സാങ്കേതിക പിഴവ് മാത്രമാണെന്നും, ഇവരുടെ അക്കൗണ്ടുകളിലേക്ക് ഇത്രയും വലിയ തുക യഥാർത്ഥത്തിൽ ക്രെഡിറ്റ് ആയിട്ടില്ലെന്നും ബാങ്ക് ഉദ്യോഗസ്ഥരും പ്രാദേശിക ഭരണകൂടവും പിന്നീട് വ്യക്തമാക്കി.