
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി മുൻ മുഖ്യമന്ത്രി മമത ബാനർജി. എസ്ഐആർ നടപടിക്രമങ്ങളിൽ ഉൾപ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് മമത ആവശ്യം ഉന്നയിച്ചിരിക്കുന്നത്. എസ്ഐആറിന് മുമ്പുള്ള വോട്ടർ പട്ടിക ഉപയോഗിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാണ് മമത ബാനർജിയുടെ ആവശ്യം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മമത ബാനർജി ഫേസ്ബുക്ക് ലൈവിലൂടെ പ്രഖ്യാപിച്ചു.
കഴിഞ്ഞ 10 മാസത്തിനിടെ, എസ്ഐആർ അടക്കമുള്ള കമ്മീഷനിലെ നടപടികൾക്കെതിരെ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരും 14 തവണ വിയോജിപ്പ് വ്യക്തമാക്കിയിരുന്നു എന്ന റിപ്പോർട്ടിന് പിന്നാലെ ആണ് മമത ബാനർജി രംഗത്തെത്തിയിരിക്കുന്നത്. റിപ്പോർട്ടിനോട് പ്രതികരിച്ച മമത ബാനർജി, ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നും ബിജെപിയുടെ താൽപര്യത്തിന് വേണ്ടി പ്രവർത്തിച്ചുവെന്നും ആരോപിച്ചു.
പശ്ചിമ ബംഗാളിൽ പഴയ വോട്ടർ പട്ടിക ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്ത് തുടരുംവരെ രാജ്യവ്യാപക പ്രതിഷേധങ്ങൾ ഉണ്ടാകും. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് നടത്തിയ വോട്ട് കൊള്ള ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. ഗ്യാനേഷ് കുമാറിനെ ഉടനടി അറസ്റ്റ് ചെയ്ത് ജയിലിലടക്കണം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കസേര അദ്ദേഹത്തെപ്പോലുള്ള ഒരാൾക്ക് ഇരിക്കാനുള്ളതല്ലെന്നും മമത ബാനർജി പറഞ്ഞു.
മാധ്യമ റിപ്പോർട്ടുകളോട് പ്രതികരിച്ച മമത, വളരെ നാണംകെട്ട കാര്യമാണിതെന്നും പറഞ്ഞു. ജീവിതത്തിൽ ഇതുവരെ ഇങ്ങനെയൊന്ന് കണ്ടിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷണറെ അറസ്റ്റ് ചെയ്യണം. അദ്ദേഹത്തിന് പദവിയിൽ തുടരാൻ യാതൊരു ധാർമ്മിക അവകാശവുമില്ല. ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ വിഷയം ചർച്ച ചെയ്തിട്ടുണ്ടെന്നും ഉടൻ തന്നെ യോഗം ചേരുമെന്നും മമത ബാനർജി അറിയിച്ചു. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നതയുണ്ടായെന്ന റിപ്പോർട്ടിൽ വിശദീകരണവുമായി കമ്മീഷൻ തന്നെ രംഗത്തെത്തി. എസ്ഐആർ സംബന്ധിച്ച തീരുമാനങ്ങൾ മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും അംഗീകാരത്തോടെ ഏകകണ്ഠമായാണ് എടുത്തതെന്ന് പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam