
ദില്ലി: മേഘാലയയിൽ ഭരണ മുന്നണിയിൽ എംഎൽഎമാരുടെ കൂടുമാറ്റം. സംസ്ഥാനം ഭരിക്കുന്ന മുന്നണിയിൽ ഉൾപ്പെടുന്ന യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി (യുഡിപി) യുടെ എട്ട് എംഎൽഎമാർ മുന്നണിയിലെ മറ്റൊരു കക്ഷിയായ ബിജെപിയിൽ ചേർന്നു. ദില്ലിയിൽ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പാർട്ടി പ്രവേശം നടന്നത്. നിലവിലെ വിദ്യാഭ്യാസ മന്ത്രി ലാക്മെൻ റിംബുയി അടക്കമുള്ളവരാണ് ബിജെപിയിൽ ചേർന്നത്. ഇതോടെ 60 അംഗ നിയമസഭയിൽ രണ്ട് എംഎൽഎമാർ മാത്രമുണ്ടായിരുന്ന ബിജെപിയുടെ അംഗസംഖ്യ എട്ടായി ഉയർന്നു. നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) ക്ക് ശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റകക്ഷിയായി ബിജെപി മാറി. അതേസമയം 12 അംഗങ്ങൾ ഉണ്ടായിരുന്ന യുഡിപിയുടെ അംഗസംഖ്യ നാലായി ചുരുങ്ങി.
2028ൽ നിയമസഭാ തെരഞ്ഞെടുപ്പിന് മേഘാലയ വേദിയാകാനിരിക്കെ ആണ് എംഎൽഎമാരുടെ കൂടുമാറ്റം ഉണ്ടായിരിക്കുന്നത്. 33 എംഎൽഎമാരുള്ള എൻപിപി നേതൃത്വം നൽകുന്ന സഖ്യ സർക്കാരാണ് മേഘാലയ ഭരിക്കുന്നത്. ബിജെപിക്കും യുഡിപിക്കും പുറമേ, ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (എച്ച്എസ്പിഡിപി) യും രണ്ട് സ്വതന്ത്രന്മാരും മുന്നണിയിലുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബർ 12ന് മുൻ എംഎൽഎയും യുഡിപി നേതാവുമായ ഡോ. ജെമിനോ മോതോ ബിജെപിയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് യുഡിപി എംഎൽഎമാരും ബിജെപിയിൽ എത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ആണ് ബിജെപിയിൽ ചേരാനുള്ള തീരുമാനമെടുത്തതെന്ന് ലാക്മെൻ റിംബുയി പറഞ്ഞു. ഖാസി ഭാഷയെ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തുക, മേഘാലയ റെസിഡൻ്റ്സ് സേഫ്റ്റി ആൻ്റ് സെക്യൂരിറ്റി ആക്ടിൽ മാറ്റം വരുത്തുക, കൽക്കരി ഖനന നിയമങ്ങൾ ലളിതമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ബിജെപിക്ക് മുമ്പാകെ വെച്ചിട്ടുണ്ടെന്ന് ലാക്മെൻ റിംബുയി വ്യക്തമാക്കി. പ്രശ്നങ്ങൾ പരിഹരിക്കാൻ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാരിൻ്റെ പിന്തുണ ആവശ്യമാണെന്നും ഇക്കാര്യത്തിൽ ബിജെപി നേതൃത്വം ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam