
കാഞ്ച്രപര: പശ്ചിമബംഗാളില്‍ ജീവിക്കുന്നവര്‍ ബംഗാളി ഭാഷ പഠിച്ചേ മതിയാവൂ എന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളികളെയും ന്യൂനപക്ഷങ്ങളെയും ആക്രമിച്ച് പശ്ചിമബംഗാളില്‍ ഗുജറാത്ത് മോഡല്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ബിജെപിയെ ചെറുക്കാന്‍ അത് അനിവാര്യമാണെന്നും മമത അഭിപ്രായപ്പെട്ടു.
ബംഗാളിനെ ഗുജറാത്താക്കാന്‍ താന്‍ അനുവദിക്കില്ല. ഇവിടെയുള്ളവരെ ബംഗാളികളെന്നും അല്ലാത്തവരെന്നും തരംതിരിച്ച് കലാപങ്ങള്‍ ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. തങ്ങളുടെ ക്ഷമ പരിശോധിക്കരുതെന്നാണ് ബിജെപിയോട് തനിക്ക് പറയാനുള്ളത്. ബംഗാളികള്‍ പശ്ചിമബംഗാളില്‍ ഭവനരഹിതരാകാന്‍ തങ്ങളൊരിക്കലും അനുവദിക്കില്ലെന്നും മമത പറഞ്ഞു.
"ബംഗാളി ഭാഷയെ മുന്നോട്ട് കൊണ്ടുവരേണ്ടത് നമ്മുടെ ആവശ്യമാണ്. നമ്മള്‍ ദില്ലിയിലേക്ക് പോകുമ്പോള്‍ ഹിന്ദി സംസാരിക്കുന്നു, പഞ്ചാബിലേക്ക് പോകുമ്പോള്‍ പഞ്ചാബി സംസാരിക്കുന്നു. ഞാന്‍ അങ്ങനെയാണ്. തമിഴ്‌നാട്ടില്‍ ചെല്ലുമ്പോള്‍ തമിഴ് അറിയില്ലെങ്കിലും എനിക്കറിയാവുന്ന ചുരുക്കം ചില തമിഴ് വാക്കുകള്‍ സംസാരത്തിലുള്‍പ്പെടുത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അതുപോലെ ബംഗാളിലേക്ക് വരുന്നവര്‍ ബംഗാളി പഠിച്ചേ പറ്റു. പുറത്തുനിന്നുള്ളവര്‍ വന്ന് ബംഗാളികളെ തല്ലിച്ചതയ്‌ക്കുന്നത് നമ്മള്‍ അനുവദിച്ചുകൂടാ." മമത പറഞ്ഞു.
നോര്‍ത്ത് 24 പര്‍ഗാനസ് ജില്ലയിലെ കാഞ്ച്രപരയില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മമതാ ബാനര്‍ജി. ഹിന്ദി സംസാരിക്കുന്നവര്‍ ഭൂരിപക്ഷമുള്ള പ്രദേശമാണിത്. മേഖലയില്‍ ന്യൂനപക്ഷവിഭാഗങ്ങളുടെയും ബംഗാളികളുടെയും വീടുകള്‍ക്ക് നേരെ അതിക്രമങ്ങളുണ്ടാവുന്നതും പതിവാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇവിടം ഉള്‍പ്പെടുന്ന മണ്ഡലം തൃണമൂലില്‍ നിന്ന് ബിജെപി പിടിച്ചെടുത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam