
കൊൽക്കത്ത: ബംഗാളി സ്വത്വവാദം ആളിക്കത്തിച്ച് കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ കൂറ്റൻ റാലി. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബംഗാളി ഭാഷ സംസാരിക്കുന്നവരെ പീഡിപ്പിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് മമത റാലി നടത്തിയത്. കനത്ത മഴയിലും മമതക്കൊപ്പം ആയിരങ്ങൾ അണിനിരന്നു. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരുടെ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭീതിയാണ് മമതയ്ക്കെന്നാണ് ബി ജെ പിയുടെ തിരിച്ചടി.
വിശദ വിവരങ്ങൾ ഇങ്ങനെ
ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബംഗാൾ സ്വദേശികളെ പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകിയത്. കൊൽക്കത്തയിൽ നടന്ന പ്രതിഷേധ മാർച്ചിൽ, അഭിഷേക് ബാനർജി ഉൾപ്പെടെ തൃണമൂൽ കോൺഗ്രസിന്റെ ഉന്നത നേതാക്കളെല്ലാം പങ്കെടുത്തു. ഒഡീഷയിൽ ബംഗ്ലാദേശികൾ എന്ന് ആരോപിച്ച് ബംഗാൾ സ്വദേശികളെ കസ്റ്റഡിയിലെടുത്ത സംഭവവും, ദില്ലിയിൽ ബംഗാൾ സ്വദേശികളുടെ ക്യാമ്പുകളിൽ കുടിയൊഴിപ്പിക്കൽ നടപടികൾ തുടങ്ങിയതും ചൂണ്ടിക്കാട്ടിയായിരുന്നു തൃണമൂൽ കോൺഗ്രസിന്‍റെ പ്രതിഷേധം. ബി ജെ പിക്കെതിരെ അതിരൂക്ഷ ഭാഷയിലായിരുന്നു മമതയുടെ പ്രസംഗം. ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ ബംഗ്ലാദേശ് റോഹിൻഗ്യകൾ എന്ന് മുദ്രകുത്തി അനധികൃതമായി ജയിലിൽ അടയ്ക്കുകയാണെന്നതടക്കമുള്ള ആരോപണങ്ങൾ മമതാ ബാനർജി ഉയർത്തി. എന്നാൽ അനധികൃത ബംഗ്ലാദേശികൾ ഉൾപ്പെടുന്ന തൃണമൂൽ കോൺഗ്രസിന്‍റെ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന പേടിയിലാണ് മമത പ്രതിഷേധ റാലി സംഘടിപ്പിച്ചതെന്നാണ് ബി ജെ പിയുടെ തിരിച്ചടി. തൃണമൂൽ കോൺഗ്രസിന്റെ റാലിക്ക് ബദലായി ബി ജെ പി എം എൽ എമാർ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുകയും ചെയ്തു.