
കൊൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രാഷ്ട്രീയ പോര് മുറുകുന്നു. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള സ്‌പെഷ്യൽ ഇൻ്റെൻസീവ് റിവിഷനുമായി (SIR) ബന്ധപ്പെട്ട സുപ്രീം കോടതി വിധി തന്റെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി മമത ബാനർജി അവകാശപ്പെട്ടു. വോട്ടർമാരെ സ്വാധീനിക്കാനുള്ള ബിജെപിയുടെയും കേന്ദ്ര ഏജൻസികളുടെയും നീക്കങ്ങൾക്കെതിരെ താൻ ഒറ്റയ്ക്കാണ് പോരാടിയതെന്നും കോടതി വിധിയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് താനാണെന്നും മമത പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്ത് അശാന്തി പടർത്താൻ ബിജെപി സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിടുന്നതായി മമത ഗുരുതരമായ ആരോപണം ഉന്നയിച്ചു. സംസ്ഥാനത്ത് സ്ഫോടനങ്ങൾ നടത്തി ക്രമസമാധാനം തകർക്കാനാണ് ബിജെപി നീക്കം. അതുവഴി കേന്ദ്ര ഏജൻസികളെ സംസ്ഥാനത്ത് എത്തിച്ച് അന്വേഷണം നടത്താനും തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുമാണ് അവർ ശ്രമിക്കുന്നതെന്നും മമത ആരോപിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾ പണവുമായി എത്തി ബംഗാളിലെ ഹോട്ടലുകളിൽ തങ്ങുന്നുണ്ടെന്നും ഇവർ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നും മമത ആരോപിച്ചു. പുറത്തു നിന്നുള്ള ഗുണ്ടകളെ ഉപയോഗിച്ച് ബൂത്തുകൾ പിടിക്കാനാണ് ബിജെപി ശ്രമമെന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ മമത ബാനർജിയുടെ പ്രസ്താവനകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ബിജെപി പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും കാണിച്ച് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നൽകി. മമത ബാനർജി വോട്ടർമാരെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ബിജെപി നേതൃത്വം ആരോപിച്ചു. ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിക്കാൻ ഇനി നാല് ദിവസം കൂടി മാത്രമേ ബാക്കിയുള്ളൂ. ഏപ്രിൽ 23-നാണ് ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും മമത ബാനർജിയും നേർക്കുനേർ ഏറ്റുമുട്ടുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam