മോദി പ്രതിപക്ഷ പാർട്ടികളെ ഭീഷണിപ്പെടുത്തുന്നു; കനിമൊഴിക്ക് പിന്തുണയുമായി മമത ബാനർജി

By Web TeamFirst Published Apr 18, 2019, 10:50 AM IST
Highlights

ഭയപ്പെടുത്തി ഭരിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് വിമർശിച്ച മമത ഇത്തരത്തിലൊരു പ്രധാനമന്ത്രിയെ രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്നും കുറ്റപ്പെടുത്തി.

കൊൽക്കത്ത: തമിഴ്നാട്ടിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഡിഎംകെ നേതാവ് കനിമൊഴിയുടെ വസതിയിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയ സംഭവത്തിൽ കനിമൊഴിക്ക് പിന്തുണയുമായി ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തന്നെ എതിർത്തു നിൽക്കുന്ന പ്രതിപക്ഷ പാർട്ടികളെ ഭീഷണിപ്പെടുത്താനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് മമത പറഞ്ഞു.

പ്രതിപക്ഷ പാർട്ടികളെയും നേതാക്കാളെയും അപമാനിക്കാനായി കേന്ദ്ര ഏജൻസികളെ ബിജെപി ഉപയോ​ഗിക്കുന്നത് നാണക്കേടുളവാക്കുന്ന കാര്യമാണെന്നും മമത ബാനർജി പറഞ്ഞു. ബിജെപിയുടെ വിഭജന രാഷ്ട്രീയത്തെ ഡിഎംകെ എതിർക്കുന്നതുകൊണ്ടാണ് കനിമൊഴി അപമാനിക്കപ്പെട്ടത്. ഭയപ്പെടുത്തി ഭരിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് വിമർശിച്ച മമത ഇത്തരത്തിലൊരു പ്രധാനമന്ത്രിയെ രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്നും കുറ്റപ്പെടുത്തി. സ്നേഹിക്കുകയും ബഹുമാനിക്കയും ചെയ്യുന്നതിന് പകരം എല്ലാവരും മോദിയെ ഭയപ്പെടുകയാണെന്നും  മമത കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് കനിമൊഴിയുടെ തൂത്തുക്കുടിയിലെ വീട്ടിലും ടിടിവി ദിനകരന്‍റെ അമ്മ മക്കൾ മുന്നേറ്റ കഴകം ഓഫീസിലും ഡിഎംകെ ജനറൽ സെക്രട്ടറി ഗീതാ ജീവന്‍റെ വസതിയിലും ആദായ നികുതി വകുപ്പ്  പരിശോധന നടത്തിയത്. കണക്കിൽപ്പെടാത്ത 11 കോടിയോളം രൂപ ഡിഎംകെ സ്ഥാർത്ഥിയുമായി ബന്ധമുള്ള ഒരു ഗോഡൗണിൽ നിന്ന് പിടിച്ചതിനെത്തുടർന്ന് തമിഴ്‍നാട്ടിലെ വെല്ലൂരിലെ ലോക്സഭാ തെരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കി മണിക്കൂറുകൾക്കകമായിരുന്നു റെയ്ഡുകൾ. കണക്കിൽപ്പെടാത്ത പണം വോട്ടർമാർക്ക് വിതരണം ചെയ്യാൻ സൂക്ഷിച്ചിട്ടുണ്ടെന്ന് സൂചന കിട്ടിയതിനെത്തുടർന്നാണ് റെയ്‍ഡ് നടത്തിയതെന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങൾ പറഞ്ഞിരുന്നത്. 

തെരച്ചിലിൽ ഒന്നും കണ്ടെത്താനായില്ലെന്നും ഇത് ഭയപ്പെടുത്താനുള്ള ശ്രമമാണെന്നും കനിമൊഴി പ്രതികരിച്ചിരുന്നു. ബിജെപിക്കെതിരെ നിൽക്കുന്നത് കൊണ്ടാണ് തന്നെ വേട്ടയാടുന്നതെന്നും ആദായ നികുതി വകുപ്പും തെരഞ്ഞെടുപ്പ് കമ്മീഷനും നരേന്ദ്രമോദിക്കായി ഒത്തുകളിക്കുകയാണെന്നും കനിമൊഴി ആരോപിക്കുകയുണ്ടായി. 

click me!