
ദില്ലി: ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നന്ദിഗ്രാമില്‍ ജനവിധി തേടും. തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്ന മമത തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരി 2016ല്‍ മത്സരിച്ച മണ്ഡലമാണ് നന്ദിഗ്രാം. നന്ദിഗ്രാം ഉള്‍പ്പെടുന്ന പൂര്‍ബ മേദിനിപൂര്‍ ജില്ലയില്‍ ഏറെ സ്വാധീനമുള്ള നേതാവാണ് സുവേന്ദു അധികാരി.
നന്ദിഗ്രാമിലെ കര്‍ഷക പ്രക്ഷോഭമാണ് ഇടതുപക്ഷ സര്‍ക്കാറിന്റെ തകര്‍ച്ചക്ക് പ്രധാനകാരണം. നിലവില്‍ ഭവാനിപുര്‍ മണ്ഡലത്തിലെ എംഎല്‍എയാണ് മമതാ ബാനര്‍ജി. ഇത്തവണ രണ്ടിടങ്ങളില്‍ ജനവിധി തേടുമെന്നും മമത വ്യക്തമാക്കി. നന്ദിഗ്രാം തന്റെ ഭാഗ്യ സ്ഥലമാണെന്ന് മമത റാലിയില്‍ പറഞ്ഞു. സംസ്ഥാനത്ത് ടിഎംസി അധികാരം നിലനിര്‍ത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളിലാകും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 18 സീറ്റ് നേടിയ ബിജെപിയും ആത്മവിശ്വാസത്തിലാണ്. തൃണമൂല്‍ കോണ്‍ഗ്രസിലെ ശക്തനായ നേതാവ് സുവേന്ദു അധികാരിയെയടക്കം ചില നേതാക്കളെ ബിജെപി സ്വന്തം പാളയത്തിലെത്തിച്ചിരുന്നു. 200 സീറ്റ് നേടി ബംഗാളില്‍ അധികാരം പിടിച്ചെടുക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam