
ദില്ലി: ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും ആർക്കും എവിടെ വേണമെങ്കിലും പോകാമെന്നും കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ പ്രകാശ് ജാവേദ്കർ. ജെഎൻയു വിദ്യാർത്ഥികളെ സന്ദർശിച്ചതിന്റെ പേരിൽ ദീപിക പദുക്കോണിന്റെ ഏറ്റവും പുതിയ ചിത്രമായ ഛപാക് ബഹിഷ്കരിക്കാനുള്ള പാർട്ടി ആഹ്വാനത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രകാശ് ജാവദേകർ. ജെഎൻയുവിൽ അതിക്രമത്തിന് ഇരയായവരെ ദീപിക പദുക്കോൺ സന്ദർശിക്കുകയും അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചു നിരവധി പേരാണ് രംഗത്തെത്തിയത്.
''ഇതൊരു ജനാധിപത്യ രാജ്യമാണ്. ആർക്കും, ഏത് കലാകാരനും എവിടെ പോകാനും അവരുടെ കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കാനും അവസരമുണ്ട്.'' ദീപിക പദുക്കോണിന്റെ സന്ദർശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കേന്ദ്ര വാർത്താവിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേകർ പറഞ്ഞു. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ആധിപത്യമുള്ള ജെഎൻയുവിൽ ദീപിക പദുക്കോൺ സന്ദർശനം നടത്തിയത് നിരവധി ബിജെപി നേതാക്കളുടെ അതൃപ്തിക്ക് കാരണമായി എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇവരുടെ സന്ദർശനത്തിന് ശേഷം മണിക്കൂറുകൾക്കുളളിൽ തന്നെ 'ഛപാക്' സിനിമ ബഹിഷ്കരിക്കാനുള്ള ആഹ്വാനം ദില്ലി ബിജെപി വക്താവ് താജീന്ദർ പാൽ സിംഗ് ട്വീറ്റിലൂടെ നൽകിയിരുന്നു.
എന്നാൽ ദീപിക പദുക്കോണിന്റെ പ്രവർത്തിയെ കയ്യടികളോടെ സ്വീകരിച്ചവരും ഉണ്ടായിരുന്നു. തിരിച്ചടികൾ നേരിടാൻ സാധ്യതയുണ്ടായിട്ടും ധീരമായ നിലപാടെടുത്തു എന്നാണ് ദീപികയെക്കുറിച്ച് ട്വിറ്ററിൽ വന്ന അഭിനന്ദന വാക്കുകൾ. നിരവധി പാർട്ടി പ്രവർത്തകരും നേതാക്കളും ഈ വിഷയത്തിൽ സ്വീകരിച്ച നിലപാടിനോട് വ്യത്യസ്തമായിട്ടായിരുന്നു ജാവദേകറിന്റെ പ്രതികരണം. ബിജെപി നേതാക്കളിൽ നിന്നുള്ള സിനിമ ബഹിഷ്കരണ ആഹ്വാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ, 'ഞാനും പാർട്ടിയിലുണ്ട്, ഒരു മന്ത്രിയുമാണ്. അതുകൊണ്ട് ഞാനങ്ങനെ പറയുന്നില്ല.' എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam