
കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്നു. മുൻകാലങ്ങളിൽ തുടർച്ചയായി ജയിച്ചു വന്ന ഭവാനിപ്പൂർ സീറ്റിലാവും മമത വീണ്ടും ജനവിധി തേടുക. ഈ സീറ്റിൽ നിന്നും വിജയിച്ച് മന്ത്രിയായ സൊവൻ ദേബ് ചാറ്റർജി മമതയ്ക്ക് വേണ്ടി എംഎൽഎ സ്ഥാനം രാജിവച്ചു.
മമത നന്ദിഗ്രാമിലേക്ക് മാറിയതിനെ തുടർന്ന് വിശ്വസ്തനായ സൊവൻ ദേബ് ചാറ്റർജിയെ ഭവാനിപ്പൂരിൽ മത്സരിപ്പിച്ചിരുന്നു. 57 ശതമാനം വോട്ടുകൾ നേടി സൊവൻ ദേബ് അവിടെ വൻവിജയം കരസ്ഥമാക്കുകയും ചെയ്തു. എന്നാൽ നന്ദിഗ്രാമിൽ പരാജയപ്പെട്ട മമതയെ സുരക്ഷിതമായ സീറ്റിൽ നിർത്തി വിജയിപ്പിക്കേണ്ടത് ആവശ്യമായി വന്നതോടെയാണ് സൊവൻ ദേബ് ചാറ്റർജി രാജിവച്ചൊഴിഞ്ഞത്. എംഎൽഎ സ്ഥാനമൊഴിഞ്ഞെങ്കിലും അദ്ദേഹം മന്ത്രിസ്ഥാനത്ത് തുടരും എന്നാണ് തൃണമൂൽ വൃത്തങ്ങൾ നൽകുന്ന സൂചന.
ബിജെപി സ്ഥാനാർത്ഥി സുവേധു അധികാരിയുടെ വെല്ലുവിളി ഏറ്റെടുത്ത് നന്ദിഗ്രാമിൽ പോയി മത്സരിച്ച മമത രണ്ടായിരം വോട്ടുകൾക്ക് തോറ്റിരുന്നു. എന്നാൽ 292 അംഗ നിയമസഭയിൽ 213 സീറ്റുകളുടെ മൃഗീയ ഭൂരിപക്ഷം നേടി മമതയുടെ പാർട്ടിയായ തൃണമൂൽ കോൺഗ്രസ് ബംഗാളിൽ അധികാരം നിലനിർത്തി.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മമതയ്ക്ക് ആറ് മാസത്തിനകം നിയമസഭാ അംഗത്വം നേടേണ്ടതായിട്ടുണ്ട്. നന്ദിഗ്രാമിൽ പരാജയപ്പെട്ടെങ്കിലും ബിജെപിയുടെ വെല്ലുവിളി സ്വീകരിച്ച് മമത നന്ദിഗ്രാമിലേക്ക് മത്സരിക്കാൻ പോയത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തുവെന്നാണ് തൃണമൂൽ കോൺഗ്രസിൻ്റെ വിലയിരുത്തൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam