
ബംഗളുരു: ബംഗളുരുവിൽ ഒരു പാർക്കിന് പുറത്ത് സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന യുവാവിനെയും യുവതിയുടെ അഞ്ച് പേർ ചേർന്ന് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും പിന്നീട് ആക്രമിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത ഒരാൾ ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത്തരം പ്രവണതകൾ സംസ്ഥാനത്ത് ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു.
ഓറഞ്ച് ടീഷർട്ട് ധരിച്ച ഒരു യുവാവും ബുർഖ ധരിച്ചിരിക്കുന്ന ഒരു യുവതിയും സ്കൂട്ടറിൽ മുഖാമുഖം തിരിഞ്ഞിരിക്കുന്നതും അടുത്ത് നിൽക്കുന്ന അഞ്ച് പേർ ഇവരുമായി രൂക്ഷമായ വാദപ്രതിവാദങ്ങൾ നടത്തുന്നതുമാണ് വീഡിയോയിലുള്ളത്. ഒരാൾ യുവതിയുടെ വീഡിയോ ചിത്രീകരിക്കുന്നു. ആദ്യം യുവതിയോട് അവരുടെ കുടുംബത്തെക്കുറിച്ചും വീടിനെക്കുറിച്ചുമൊക്കെ ചോദിച്ച ശേഷം മറ്റൊരു മതത്തിലുള്ള യുവതിയെയും കൊണ്ട് എന്തിനാണ് ചുറ്റിക്കറങ്ങുന്നതെന്ന് ചോദിച്ച് യുവാവിനെ ചോദ്യം ചെയ്തു. ബുർഖ ധരിച്ച് ഒരു പുരുഷനോടൊപ്പം ഇരിക്കാൻ നാണമില്ലേ എന്ന് യുവതിയോട് സംഘത്തിലുള്ളവർ ചോദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കാണാം.
പരാതി ലഭിച്ചതനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം തുടരുകയാണെന്നും ബംഗളുരു ഡെപ്യൂട്ടി കമ്മീഷണർ ഗിരീഷ് പറഞ്ഞു. യുവാവും യുവതിയും സ്കൂട്ടറിൽ ഇരിക്കുകയായിരുന്നു അപ്പോൾ അഞ്ച് പേർ അവിടെയെത്തി ചോദ്യം ചെയ്തുവെന്നാണ് ആരോപണം. സംഭവം അക്രമാസക്തമായിരുന്നില്ലെന്ന് പൊലീസ് പറയുമ്പോഴും യുവാവിനെ തടിപോലുള്ള വസ്തു കൊണ്ട് സംഘം ആക്രമിക്കുന്ന മറ്റൊരു ദൃശ്യവും പിന്നീട് പുറത്തുവന്നിട്ടുണ്ട്. യുവതി പരാതി നൽകിയ പ്രകാരമാണ് കേസെടുത്തത്. അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും അവരിൽ ഒരാൾ പ്രായപൂർത്തിയാവാത്ത വ്യക്തിയാണെന്നും പൊലീസ് പറഞ്ഞു.
എന്തിനാണ് അവിടെ ഇരിക്കുന്നത് എന്നാണ് സംഘത്തിലുള്ളവർ യുവതിയോട് ചോദിച്ചതെന്നും പൊലീസ് വിശദീകരിക്കുന്നു. യുവതിയിൽ നിന്ന് പരാതി ലഭിച്ച വിവരവും പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. അതേസമയം ഇത്തരം സംഭവങ്ങൾ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. സദാചാര പൊലീസ് പ്രവർത്തനം അനുവദിക്കില്ല. ഇത് ബിഹാറോ ഉത്തർപ്രദേശോ മദ്ധ്യപ്രദേശോ അല്ലെന്നും കർണാടക പുരോഗമനപരമായ സംസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam