
ബംഗളുരു: കുഞ്ഞിന്റെ പേരിടൽ ചടങ്ങിനായി യാത്ര ചെയ്യുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ യുവതിയും മാതാപിതാക്കളും മരിച്ചു. കർണാടകയിൽ ദേശീയപാത നാലിലായിരുന്നു ദാരുണമായ അപകടം. മല്ലേശ്വരം സ്വദേശികളായ ഒരു കുടുംത്തിലെ അംഗങ്ങൾ തുമകൂരുവിലേക്കുള്ള യാത്ര ചെയ്യുന്നതിനിടെ നിലമംഗളയ്ക്കും ദാബാസ്പേട്ടിനും ഇടയിൽ വെച്ചാണ് അപകടം സംഭവിച്ചത്. ഗുരുതരമായ പരിക്കുകളേറ്റ മൂന്ന് പേരും മരിച്ചു. എന്നാൽ കാറിലുണ്ടായിരുന്ന രണ്ട് കുട്ടികൾ പരിക്കുകളോടെ രക്ഷപ്പെട്ടു.
റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ഗോപാൽ (58), ഭാര്യ ശശികല (55), മകൾ ദീപിക (35) എന്നിവരാണ് മരിച്ചത്. ഗോപാലിന്റെയും ശശികലയുടെയും പേരക്കുട്ടികളായ ഭുവൻ (3), ആദ്യ (1) എന്നിവരാണ് കാറിലുണ്ടായിരുന്നത്. പുലർച്ചെ ദേശീയ പാത-4ലൂടെ സഞ്ചരിച്ചിരുന്ന ഇവർ ലാക്കൂർ പാലത്തിലേക്ക് കടക്കുന്നതിന് തൊട്ടു മുമ്പാണ് അപകടം സംഭവിച്ചത്. ആറ് വരികളുള്ള ദേശീയ പാത ഇവിടെ വെച്ച് രണ്ട് വരിയായി ചുരുങ്ങുന്നുണ്ട്. വാഹനം ഓടിച്ചിരുന്ന ഗോപാലിന് ഇവിടെ എത്തിയപ്പോൾ കാറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായത്. വാഹനം റോഡിലെ ഡിവൈഡറിലേക്ക് ശക്തിയായി ഇടിച്ചുകയറി.
പൂർണമായും തകർന്ന വാഹനത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്ന യാത്രക്കാരെ നാട്ടുകർ ഓടിയെത്തി വലിച്ച് പുറത്തേക്ക് എടുത്തു. ഗോപാലും ശശികലയും ദീപികയും തൽക്ഷണം മരിച്ചിരുന്നു. പരിക്കേറ്റ കുട്ടികളെ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവർ അപകടനില തരണം ചെയ്തുവരുന്നതായി ബംഗളുരു ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം