
പാറ്റ്ന: ഫേസ്ബുക്കിൽ സൈനികനായി ചമഞ്ഞ് യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. കപിലേഷ് ശർമ്മ എന്നയാളാണ് അറസ്റ്റിലായത്. ഫേസ്ബുക്കിൽ സൗഹൃദം സ്ഥാപിച്ച് ഇയാൾ യുവതിയെ വശത്താക്കുകയായിരുന്നു. പിന്നീട് ഇരുവരും പ്രണയത്തിലാകുകയും ചെയ്തു. എന്നാൽ, പ്രതി സൈനികനല്ലെന്നും സ്വകാര്യ ഹോസ്റ്റലിൽ പാചകക്കാരനായി ജോലി ചെയ്യുന്നയാളാണെന്നും തിരിച്ചറിഞ്ഞതോടെ യുവതി ബന്ധം ഉപേക്ഷിച്ചു. ഇതിന് ശേഷമാണ് യുവതിയെ ഇയാൾ പീഡിപ്പിച്ചത്. മധ്യപ്രദേശിലെ സത്‌ന ജില്ലയിലാണ് സംഭവം.
ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ യുവതിയെ പ്രതി നിരന്തരം പീഡിപ്പിക്കുകയും സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. കഴിഞ്ഞ ദിവസമാണ് പ്രതിയെ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ന്യായ സംഹിതയിലെ സെക്ഷൻ 376 ഉൾപ്പെടെയുള്ള നിരവധി വകുപ്പുകൾ പ്രതിയ്ക്ക് എതിരെ ചുമത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
സൈനികനായി ചമഞ്ഞ് ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്ന സംഭവം ഇതിന് മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെ, സൈനികനായി ചമഞ്ഞ് വിവാഹ വാഗ്ദാനം നൽകി വനിതാ കോൺസ്റ്റബിളിനെ ബലാത്സംഗം ചെയ്ത കേസിൽ 28 കാരനായ യുവാവിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ പ്രതിയും കുടുംബാംഗങ്ങളും ഉൾപ്പെടെ 30-ഓളം പേർ ചേർന്ന് ആക്രമിച്ചെങ്കിലും ഒടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിലെ (സിഐഎസ്എഫ്) കോൺസ്റ്റബിളായ യുവതി ഒരു മാട്രിമോണിയൽ വെബ്‌സൈറ്റ് വഴിയാണ് പ്രതിയെ പരിചയപ്പെട്ടതെന്നാണ് പരാതിയിൽ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam