
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത 47-കാരനെ ഒരു സംഘം യുവാക്കൾ ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തി. കാൺപൂരിലെ കകദേവ് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. അമിത് കുമാർ എന്നയാളാണ് അതിക്രൂരമായ മർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. സെപ്റ്റംബർ അഞ്ചിന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരാൾ റോഡിൽ മൂത്രമൊഴിക്കുന്നത് അമിത് കുമാർ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ മദ്യലഹരിയിലായിരുന്ന ഒരു സംഘം യുവാക്കൾ ഇയാളെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികൾ ഇഷ്ടിക ഉപയോഗിച്ച് അമിത് കുമാറിന്റെ തലയിൽ പലതവണ ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു.
തുടർന്ന് അമിത് കുമാറിനെ കുടുംബാംഗങ്ങൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റതാണെന്ന് കരുതിയാണ് കുടുംബം ആദ്യം അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ രണ്ട് ദിവസത്തോളം ആശുപത്രിയിൽ തീവ്രപരിചരണത്തിൽ കഴിഞ്ഞ അദ്ദേഹം തിങ്കളാഴ്ച വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അമിത് കുമാറിന്റെ മരണത്തെ തുടർന്ന് പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കൊലപാതകമാണെന്ന വിവരം പുറത്തറിയുന്നത്. അമിത് കുമാറിന് ക്രൂരമർദ്ദനമേറ്റതായി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. സംഭവത്തിൽ കകദേവ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടുന്നതിനായി നാല് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും സെൻട്രൽ ഡിസിപി അതുൽ ശ്രീവാസ്തവ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam