
ഭോപ്പാൽ: ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയിച്ച് മൂക്ക് അറുത്തുമാറ്റി ഭർത്താവ്. മധ്യപ്രദേശിലെ ഝാബുവ ജില്ലയിലാണ് സംഭവം. പ്രതിയായ ഭർത്താവ് രാകേഷ് ബിൽവലിനെ അറസ്റ്റ് ചെയ്തു.
റാണാപുർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പാദൽവ ഗ്രാമത്തിലാണ് സംഭവം നടന്നത്- "ഇന്നലെ റാണാപുർ പൊലീസ് സ്റ്റേഷനിൽ ഒരു പരാതി ലഭിച്ചു. 23 വയസ്സുള്ള യുവതിയെ ഭർത്താവ് ആക്രമിച്ചെന്നും മൂക്ക് മുറിച്ചെന്നുമായിരുന്നു പരാതി. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിന്ന് എംഎൽസി (മെഡിക്കോ-ലീഗൽ സർട്ടിഫിക്കറ്റ്) ലഭിച്ച ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്തു. പ്രതിയായ ഭർത്താവിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു"- എസ്പി ശിവ് ദയാൽ സിംഗ് പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
ഭർത്താവിന് ഭാര്യയെ സംശയമായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. രാകേഷും ഭാര്യയും ജോലി ആവശ്യത്തിനായി ഗുജറാത്തിലേക്ക് പോയിരുന്നു. എന്നാൽ അവിടെവച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ദമ്പതികൾ ചൊവ്വാഴ്ച ഝാബുവ ജില്ലയിലെ അവരുടെ ഗ്രാമമായ പാദൽവയിലേക്ക് മടങ്ങി. വീട്ടിലെത്തിയ ഉടൻ ഭർത്താവ് തന്നെ മർദിക്കാൻ തുടങ്ങിയെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. എന്നിട്ട് മൂക്ക് മുറിച്ചു. ഭർത്താവ് തന്നെയാണ് ആശുപത്രിയിൽ എത്തിച്ചതെന്നും യുവതി പറഞ്ഞു.
ഗുജറാത്തിൽ നിന്ന് വരുമ്പോൾ താൻ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നുവെന്ന് യുവതി പറഞ്ഞു. വീട്ടിലെത്തി കുടുംബവുമായി സംസാരിക്കാമെന്ന് ഭർത്താവ് ഉറപ്പുനൽകി. എന്നാൽ വീട്ടിലെത്തിയ ഉടൻ തന്നെ വടി കൊണ്ട് തല്ലാൻ തുടങ്ങിയെന്നും ബ്ലേഡ് ഉപയോഗിച്ച് മൂക്ക് മുറിച്ചെന്നും യുവതി പറയുന്നു. മകൻ ഇതെല്ലാം കണ്ട് ഉറക്കെ നിലവിളിച്ചിട്ടും ഭർത്താവ് അക്രമം തുടർന്നെന്ന് യുവതി പറഞ്ഞു.