ധാരാവിയില്‍ മരിച്ചയാള്‍ക്ക് കേരളാ ബന്ധം: നിസാമുദ്ദീനില്‍ നിന്നെത്തിയ മലയാളികളെയും വീട്ടില്‍ താമസിപ്പിച്ചു

By Web TeamFirst Published Apr 4, 2020, 1:01 PM IST
Highlights

നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 10 പേരടങ്ങുന്ന സംഘമാണ് 22 ന് ധാരാവയില്‍ എത്തിയത്. 

മുംബൈ: മുംബൈയിലെ ധാരാവിയിൽ മരിച്ച 56 കാരൻ തബ്ലീഗ് മത സമ്മേളനത്തിൽ പങ്കെടുത്ത മലയാളികളുമായി ഇടപഴകിയെന്ന് പൊലീസ്. സമ്മേളനത്തിൽ പങ്കെടുത്ത് മുംബൈയിലെത്തിയ സംഘത്തിന് ഇദ്ദേഹം താമസസൗകര്യം ഒരുക്കിയെന്നാണ് കണ്ടെത്തിയത്. ഇവർ കോഴിക്കോടേക്കാണ് മടങ്ങിയതെന്ന് പൊലിസ് പറയുന്നു. മാർച്ച് 22നാണ് നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത 10 അംഗ സംഘം മുംബൈയിൽ എത്തിയത്. ഇതിൽ നാല്പേർ കേരളത്തിൽ നിന്നുള്ളവരാണെന്നാണ് പൊലീസ് പറയുന്നത്.  

താമസസൗകര്യം അന്വേഷിച്ച ഇവരെ ധാരാവിയിലെ പള്ളിയിൽ നിന്ന് 56 കാരൻ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തനിക്ക് ധാരാവിയിലുള്ള ഫ്ലാറ്റുകളിലൊന്നിൽ മൂന്ന് ദിവസത്തേക്ക് താമസിപ്പിച്ചു. മാർച്ച് 24ന് തിരികെ പോവും മുൻപ് സംഘം ഇയാളുടെ സ്വന്തം വീട്ടിലും സന്ദർശനം നടത്തി. ഇവർ രോഗവാഹകരായേക്കാൻ സാധ്യതയുണ്ടെങ്കിലും അതിന് സ്ഥിരീകരണമില്ല. കേരളത്തിലേക്ക് മടങ്ങിയവരെ കണ്ടെത്താൻ കേരളാ സർക്കാരുമായി ബന്ധപ്പെടുകയാണെന്ന് മുംബൈ പൊലീസ് പറഞ്ഞു.

നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 1225പേരാണ് മഹാരാഷ്ട്രയിലുള്ളത്. ഇന്ന് 47പേർക്കാണ് മഹാരാഷ്ട്രയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 537 ആയി. 50 പേർക്ക് ഇതുവരെ രോഗം ഭേദമായി.അമരാവതിയിൽ കഴിഞ്ഞ ദിവസം മരിച്ചയാൾക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ മരണസംഖ്യ 27ആയി.

click me!