
ജയ്പൂർ: വന്ദേഭാരത് ട്രെയിൻ ഇടിച്ചുതെറിപ്പിച്ച പശു വന്നുവീണ് റെയിൽവേ പാളത്തിലിരുന്നയാൾ മരിച്ചു. ബുധനാഴ്ച രാവിലെ 8.30 രാജസ്ഥാനിലെ അൽവാറിലെ ആരവലി വിഹാർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണമായ അപകടം സംഭവിച്ചത്. ഇന്ത്യൻ റെയില്‍വേയിലെ മുൻ ഉദ്യോഗസ്ഥനായിരുന്ന ശിവ് ദയാൽ ശർമ്മയാണ് മരിച്ചത്. 23 വർഷം മുമ്പ് ഇന്ത്യൻ റെയിൽവേയിൽ ഇലക്‌ട്രീഷ്യനായി വിരമിച്ചയാളാണ് ശർമ്മ.
രാവിലെ എട്ടരയോടെ കാളി മോറി ഗേറ്റിൽ നിന്ന് പുറപ്പെട്ട വന്ദേ ഭാരത് ട്രെയിനിന് മുന്നില്‍ ഒരു പശു വന്ന് ചാടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പശുവിന്റെ ശരീരത്തിന്റെ ഒരു ഭാഗം 30 മീറ്റർ അകലെയായി ട്രാക്കിനരികിലുണ്ടായിരുന്ന ശിവദയാലിന്റെ മുകളിലേക്ക് വീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ശിവദയാൽ സംഭവസ്ഥലത്തുതന്നെ മരിച്ചു.
ശിവദയാലിന്റെ മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഉത്തരേന്ത്യയില്‍ വന്ദേഭാരത് ട്രെയിന്‍ കന്നുകാലികളെ ഇടിച്ചിടുന്ന വാർത്ത പതിലാണ്. മുംബൈ-ഗുജറാത്ത് റൂട്ടിലോടുന്ന ട്രെയിനുകളാണ് ഇത്തരത്തില്‍ അപകടങ്ങള്‍ ഏറെയും ഉണ്ടാക്കുന്നത്. ലോഞ്ച് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ, ഒക്ടോബർ 6ന് മുംബൈ-ഗാന്ധിനഗർ വന്ദേ ഭാരത് സൂപ്പർഫാസ്റ്റ് കന്നുകാലികളുമായി കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ടിരുന്നു. അപകടത്തില്‍ ട്രെയിനിന്‍റെ മുൻവശത്തെ പാനലുകള്‍ക്ക് തകരാർ സംഭവിച്ചു. ഇതിന് പിന്നാലെ ഒക്‌ടോബർ 29 ന് ഗുജറാത്തിലെ വൽസാദിലെ അതുലിന് സമീപത്ത് വച്ചും വന്ദേഭാരത് ട്രെയിൻ പശുവിനെ ഇടിച്ച് തെറിപ്പിച്ചിരുന്നു. അപകടം പതിവായതോടെ 620 കിലോമീറ്ററിലധികം ദൈർഘ്യമുള്ള മുംബൈ-അഹമ്മദാബാദ് ട്രങ്ക് റൂട്ടിൽ മെറ്റൽ ഫെൻസിങ് സ്ഥാപിക്കാൻ പശ്ചിമ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.
Read More : 'കഴുത്തിൽ ആഴത്തിൽ മുറിവ്, രക്തം പുരണ്ട കത്തിയും കത്രികയും'; വയോധിക കുളിമുറിയിൽ മരിച്ച നിലയിൽ, കൊലപാതകം ?