
മുംബൈ: റെയിൽ വേ സ്റ്റേഷൻ പരിസരത്ത് മൂത്രമൊഴിക്കുന്ന ദൃശ്യങ്ങൾ വൈറലായി. ട്രോളുകളിലെ പരിഹാസം സഹിക്കാനാവാതെ ജീവനൊടുക്കി 28കാരൻ. 7 പേർക്കെതിരെ കേസ് എടുത്ത് പൊലീസ്. മഹാരാഷ്ട്രയിലെ ജാൽനയിലാണ് എംബിഎ ബിരുദധാരിയായ 28കാരൻ ജീവനൊടുക്കിയത്. ഓറംഗബാദ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവാവ് മൂത്രമൊഴിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പറത്വാഡയിലെ ദോക്മാൽ ഗ്രാമവാസിയായ മഹേഷ് ആദേയാണ് ജീവനൊടുക്കിയത്. എംബിഎ പഠനം പൂർത്തിയാക്കിയ ശേഷം പഞ്ചായത്തിൽ കരാർ ജോലി ചെയ്യുകയായിരുന്നു മഹേഷ്. അടുത്തിടെ ഇയാൾ ജോലി രാജി വച്ച് മാതാപിതാക്കളുടെ കൃഷി എറ്റെടുക്കുകയായിരുന്നു. ഔറംഗബാദ് റെയിൽ വേ സ്റ്റേഷന്റെ പുതിയ പേര് രേഖപ്പെടുത്തിയ ബോർഡിന് സമീപത്ത് വച്ച് മഹേഷും സുഹൃത്തും മൂത്രമൊഴിക്കുന്ന വീഡിയോ ഏതാനും യുവാക്കൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
ചരിത്ര പുരുഷനെ കരുതിക്കൂട്ടി അപമാനിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് വിശദമാക്കുന്നതായിരുന്നു വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പ്. ഇതോടെ മഹേഷിനും സുഹൃത്തിനുമെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്. മഹേഷിന്റെ ഫോണിലേക്കും ആളുകൾ വിളിച്ച് അസഭ്യം പറയാൻ തുടങ്ങി. ഇതോടെ യുവാവ് ക്ഷമാപണ വീഡിയോ പുറത്തിറക്കിയെങ്കിലും പരിഹാസത്തിൽ കുറവുണ്ടായില്ല. നവംബർ 4ന് റെയിൽവേ പൊലീസും ഇയാളുടെ വീട്ടിലെത്തി. ഇതോടെ റെയിൽവേയോടും യുവാവ് വീഡിയോയിൽ ക്ഷമാപണം നടത്തിയിരുന്നു.
ഇതിന് പിന്നാലെ നിരവധി പേർ യുവാവിനെ വിളിച്ച് ഭീഷണിപ്പെടുത്തുക കൂടി ചെയ്തതോടെ യുവാവ് ജീവനൊടുക്കുകയായിരുന്നു. തന്റെ കൃഷിയിടത്തിലെ കിണറിൽ ചാടിയാണ് യുവാവ് ജീവനൊടുക്കിയത്. ഏകമകന്റെ ആത്മഹത്യയിൽ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് ഏഴ് പേർക്കെതിരെ പൊലീസ് കേസ് എടുത്തത്. യുവാവ് ഭീഷണിപ്പെടുത്തിയവർക്കെതിരെയാണ് കേസ് എടുത്തത്. ആത്മഹത്യാ പ്രേരണയ്ക്കുള്ള കുറ്റമാണ് ചുമത്തിയിട്ടുള്ളത്. യുവാവിനെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസുള്ളത്. മോശം ലക്ഷ്യത്തോടെ വീഡിയോ മനപൂർവ്വം പങ്കുവച്ചവരേയും പൊലീസ് അന്വേഷിക്കുന്നുണ്ട്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam