
ബംഗ്ലൂരു : കേരള - കർണാടക അതിർത്തിയായ കുടക് കുട്ടയിൽ ഒരു കുടുംബത്തിലെ രണ്ടുപേരെ ആക്രമിച്ചു കൊന്ന ആളെക്കൊല്ലി കടുവയെ വനം വകുപ്പ് മയക്കുവെടിവച്ചു പിടികൂടി. വൈകിട്ട് നാല് മണിയോടെയാണ് കടുവയെ മയക്കുവെടി വച്ചത്. 10 വയസ് തോന്നിക്കുന്ന കടുവയെ വിദഗ്ധ പരിശോധനയ്ക്കായി മൈസുരു കൂർഗള്ളിയിലേക്കു മാറ്റും. കഴിഞ്ഞ ദിവസങ്ങളിലായി ചേതൻ, രാജു എന്നിവരെ കടുവ ആക്രമിച്ചു കൊന്നിരുന്നു. ഞായറാഴ്ചയാണ് ചേതനെയും, പിതാവ് മധുവിനേയും കടുവ ആക്രമിച്ചത്. തുടർന്ന് ചേതൻ മരിക്കുകയും മധു നിസാര പരിക്കോടെ രക്ഷപ്പെടുകയും ചെയ്തു. സംഭവ മറിഞ്ഞ് സ്ഥലത്തെത്തിയ ചേതന്റെ ബന്ധു രാജുവിനെ ഇന്നലെ രാവിലെയാണ് കടുവ ആക്രമിച്ച് കൊന്നത്. ഇതോടെ കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
read more കെണിയിൽ കുരുങ്ങി കടുവ ചത്ത സംഭവം: വനംവകുപ്പ് ചോദ്യം ചെയ്തയാൾ തൂങ്ങിമരിച്ചു
അതിനിടെ, മംഗളുരുവിലെ നിഡ്ഡോഡിയിൽ കിണറ്റിൽ കുടുങ്ങിയ പുലിയെ വനിതാ വെറ്ററിനറി ഡോക്ടറും സംഘവും സാഹസികമായി രക്ഷപ്പെടുത്തി. 25 അടി താഴ്ചയുള്ള കിണറ്റിൽ കുടുങ്ങിയ പുലിയെയാണ് രക്ഷപ്പെടുത്തിയത്. തോക്കുമായി കൂട്ടിൽ കയറി കിണറ്റിലിറങ്ങിയാണ് വെറ്ററിനറി ഡോക്ടർ മേഘന പുലിയെ മയക്കുവെടി വച്ചത്.
മംഗളുരുവിൽ നിന്ന് 35 കിലോമീറ്റർ അകലെ കട്ടീലിനടുത്തുള്ള നിഡ്ഡോഡിയിൽ ഇന്നലെയാണ് സംഭവമുണ്ടായത്. രണ്ട് ദിവസമായി 25 അടി താഴ്ചയുള്ള കിണറ്റിൽ കുടുങ്ങിക്കിടക്കുകയായിരുന്നു പുലി. വനംവകുപ്പും നാട്ടുകാരും ചേർന്ന് പുലിയെ വലയിലാക്കാൻ പല തവണ നോക്കിയെങ്കിലും നടന്നില്ല. അപ്പോഴാണ് സ്ഥലത്തെ ചിട്ടേപിള്ളിയെന്ന മൃഗസംരക്ഷണസംഘത്തിന്‍റെ സഹായം വനംവകുപ്പ് തേടിയത്.
സംഘത്തിലെ ഡോക്ടർമാരായ ഡോ. മേഘനയും ഡോ. യശസ്വിയും സ്ഥലം പരിശോധിച്ചു. തുടർന്ന് ഡോ. മേഘന തന്നെ മയക്കുവെടി വയ്ക്കാനുള്ള സാമഗ്രികളുമായി കിണറ്റിലിറങ്ങാൻ തീരുമാനിച്ചു. പുലി അക്രമാസക്തനാകുമോ എന്ന ആശങ്ക എല്ലാവർക്കുമുണ്ടായിരുന്നു. മയക്കുവെടി വച്ച് പുലി മയങ്ങിയ ശേഷം ഡോ. മേഘന തന്നെ വനംവകുപ്പിന്‍റെ അടക്കം സഹായത്തോടെ പുലിയെ കൂട്ടിലാക്കി, തിരികെ കയറ്റി. ഒടുവിൽ രണ്ട് ദിവസത്തെ കിണർ വാസത്തിന് ശേഷം പുലിക്ക് പുതുജീവൻ ലഭിച്ചു. ഡോ. മേഘനയ്ക്കും സംഘത്തിനും അഭിനന്ദനപ്രവാഹമാണിപ്പോൾ.