
കൊവിഡ് എന്ന മാഹാമാരിയെ ചെറുക്കാൻ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ട് ഒരാഴ്ച പിന്നിട്ടു. കർശന നിയന്ത്രണങ്ങളാണ് സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. പനിയുടെ ലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും ക്വാറന്റൈനിൽ പോകണമെന്നാണ് ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശം. എന്നിട്ടും പുറത്തിറങ്ങി നടന്ന് എന്തൊക്കെ പൊല്ലാപ്പാണ് പലരും ഉണ്ടാക്കുന്നത്.
ഇതിനിടയിലാണ് ബംഗാളിൽ നിന്ന് കരുതലിന്റെ നല്ലൊരു വാർത്ത പുറത്തുവരുന്നത്. നാദിയ ജില്ലയിലെ നബടിപ് എന്ന സ്ഥലത്താണ് സംഭവം. നിരഞ്ജൻ ഹൽദാർ എന്ന അറുപത്തഞ്ചുകാരൻ കഴിഞ്ഞ നാല് ദിവസമായി ക്വാറന്റൈനിലാണ്. അതും വള്ളത്തിൽ.
ഡോക്ടറുടെ നിർദ്ദേശ പ്രകാരമാണ് ഹൽദാർ ക്വാറന്റൈനിൽ പ്രവേശിക്കാൻ തീരുമാനിച്ചത്. എന്നാൽ, വീട്ടിൽ സൗകര്യം ഇല്ലാത്തതിനാലാണ് ഇദ്ദേഹം വള്ളം ക്വാറന്റൈൻ വാർഡാക്കി മാറ്റിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. തൊട്ടടുത്ത ജില്ലയിൽ ഉള്ള ബന്ധു വീട്ടിൽ നിന്ന് വന്നപ്പോഴാണ് ഇയാൾക്ക് പനിയുടെ ലക്ഷണം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
ക്വാറന്റൈൻ നിർദ്ദേശിക്കപ്പെട്ട ആളുകൾ പൊലീസുകാരെയും ആരോഗ്യപ്രവർത്തകരെയും വെട്ടിച്ച് കടന്നുകളയുന്ന സാഹചര്യത്തിൽ മറ്റുള്ളവർക്ക് മാതൃകയാവുകയാണ് ഈ മധ്യവയസ്കൻ. കൊവിഡ് കാലത്തേ ഈ കരുതലിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam