
തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കിലെ സിംഹത്തിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. വ്യാഴാഴ്ചയാണ് ദാരുണമായ സംഭവം. രാജസ്ഥാന്‍ ആല്‍വാര്‍ ബന്‍സൂര്‍ സ്വദേശിയായ പ്രഹ്ലാദ് ഗുജ്ജാര്‍ എന്ന 34കാരനാണ് സിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
സിംഹങ്ങളുടെ കൂടുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്തിയപ്പോള്‍, ഇയാള്‍ സെല്‍ഫിയെടുക്കാന്‍ വേണ്ടി ചുറ്റുമതില്‍ ചാടിയിറങ്ങുകയായിരുന്നുവെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട സുരക്ഷ ജീവനക്കാരന്‍ പ്രഹ്ലാദിനെ വിളിച്ച് മുന്നറിയിപ്പ് നല്‍കിയെങ്കിലും, ഇയാള്‍ കൂടിന് സമീപത്തേക്ക് ചെല്ലുകയായിരുന്നു. ഇതിനിടെ ചാടി വീണ ആണ്‍ സിംഹം പ്രഹ്ലാദിന്റെ കഴുത്തിന് പിടിച്ച് വലിച്ചു കീറുകയായിരുന്നു. സിംഹത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇയാള്‍ സമീപത്തെ മരത്തില്‍ കയറാന്‍ നോക്കിയെങ്കിലും ശ്രമം വിഫലമായി. തുടര്‍ന്ന് സിംഹം പ്രഹ്ലാദിനെ ഏകദേശം 100 മീറ്റര്‍ ചുറ്റളവില്‍ വലിച്ചിഴച്ചു. ഓടിയെത്തിയ സുരക്ഷ ജീവനക്കാര്‍ സിംഹത്തെ ശബ്ദങ്ങള്‍ ഉയര്‍ത്തി കൂട്ടിലേക്ക് ഓടിച്ചുകയറ്റി. ഉടന്‍ തന്നെ പ്രഹ്ലാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ മൃഗശാലയിലെ മറ്റ് സന്ദര്‍ശകരെ ഒഴിപ്പിക്കുകയും ചെയ്തു.
മദ്യലഹരിയിലാണ് ഇയാള്‍ കൂട് സ്ഥിതി ചെയ്യുന്ന ചുറ്റുമതില്‍ ചാടി സിംഹത്തിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതെന്ന് സംശയമുണ്ടെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam