
ദില്ലി: ജന്മദിനം ആഘോഷിച്ച് സുഹൃത്തിന് ഒപ്പം മടങ്ങുകയായിരുന്ന യുവാവ് ദില്ലിയിലെ ഗാസിപ്പൂരിൽ റോഡരികിൽ വെച്ച് കുത്തേറ്റു മരിച്ചു. ദില്ലി ഫരീദാബാദ് സ്വദേശി വികാസ് ആണ് മരിച്ചത്. റോഡിൽ വെച്ച്, വാഹനത്തിൽ ഇരിക്കുമ്പോൾ, ഒരു ഇരുചക്രവാഹന യാത്രികൻ വികാസും സുഹൃത്ത് സുമിത്തും സഞ്ചരിച്ച വാഹനത്തിൽ ഇടിച്ചു.പിന്നാലെ ഇരു കൂട്ടരും തമ്മിൽ വാഗ്വാദമുണ്ടായി.
ഈ സമയത്ത് ഇരുചക്ര വാഹനത്തിലുണ്ടായിരുന്ന ആൾ സുഹൃത്തുക്കളെ വിളിച്ച് വരുത്തുകയും ആറോളം പേർ സ്ഥലത്തെത്തി വികാസിനെയും സുമിത്തിനെയും ആക്രമിക്കുകയുമായിരുന്നു. ഇരുമ്പ് വടികൾ കൊണ്ട് അടിക്കുകയും വികാസിനെ ആവർത്തിച്ച് കുത്തുകയും ചെയ്തു. വികാസ് സംഭവസ്ഥലത്ത് വച്ച് മരിച്ചു, സുമിത്തിനെ ഗുരുതര പരിക്കുകളോടെ ലാൽ ബഹദൂർ ശാസ്ത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നാലെ അക്രമി സംഘം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
ഫരീദാബാദ് സ്വദേശിയായ വികാസ്, നോയിഡയിലെ സ്വകാര്യ ഇൻഷൂറൻസ് കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനും പിടികൂടാനും പൊലീസ് അന്വേഷണം ആരംഭിച്ചു. റോഡ് തർക്കമാണോ അതോ മറ്റേതെങ്കിലും രീതിയിലുള്ള വ്യക്തി വൈരാഗ്യമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam