Taj Mahal like home| മൂന്നുവര്‍ഷംകൊണ്ട് മധ്യപ്രദേശില്‍ ഭാര്യയ്ക്കായി 'താജ് മഹലൊ'രുക്കി യുവാവ്

By Web TeamFirst Published Nov 22, 2021, 9:45 AM IST
Highlights

മൂന്ന് വര്‍ഷമെടുത്താണ് താജ്മഹലിന്‍റെ രൂപത്തിലുള്ള വീട് ആനന്ദ് ചോക്സേ നിര്‍മ്മിച്ചത്. താജ്മഹലിനേക്കുറിച്ച് വിശദമായി പഠിച്ച ശേഷമായിരുന്നു അതേ രൂപത്തില്‍ നാല് കിടപ്പുമുറികളോട് കൂടിയ വീട് നിര്‍മ്മിച്ചത്

ഭാര്യയ്ക്കായി മധ്യപ്രദേശില്‍ ( Madhya Pradesh) താജ്മഹലൊരുക്കി (replica of Agra's Taj Mahal ) യുവാവ്. മധ്യപ്രദേശിലെ ബുര്‍ഹാര്‍പൂറിലാണ് (Burhanpur) യുവാവ് ഭാര്യയ്ക്കായി താജ്മഹലിന്‍റെ സമാന സൌധം നിര്‍മ്മിച്ചത്.  മുഗൾ ചക്രവർത്തിയായ ഷാജഹാൻ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി യമുനാ തീരത്ത് താജ്മഹല്‍ നിര്‍മ്മിച്ചപ്പോള്‍ ബുര്‍ഹാന്‍പൂറിലാണ് ആനന്ദ് ചോക്സേ എന്ന യുവാവിന്‍റെ താജ്മഹല്‍. വിദ്യാഭ്യാസ മേഖലയിലാണ് ആനന്ദ് ചോക്സേ പ്രവര്‍ത്തിക്കുന്നത്. മുംതാസ് മഹല്‍ മരണത്തിന് കീഴടങ്ങിയ നഗരം കൂടിയാണ് ബുര്‍ഹാന്‍പൂര്‍.

മൂന്ന് വര്‍ഷമെടുത്താണ് താജ്മഹലിന്‍റെ രൂപത്തിലുള്ള വീട് ആനന്ദ് ചോക്സേ നിര്‍മ്മിച്ചത്. താജ്മഹലിനേക്കുറിച്ച് വിശദമായി പഠിച്ച ശേഷമായിരുന്നു അതേ രൂപത്തില്‍ നാല് കിടപ്പുമുറികളോട് കൂടിയ വീട് നിര്‍മ്മിച്ചതെന്നാണ് എന്‍ജിനീയര്‍ വിശദമാക്കുന്നത്. പശ്ചിമ ബംഗാളില്‍ നിന്നും ഇന്‍ഡോറില്‍ നിന്നുമുള്ള വിദഗ്ധരാണ് ബുര്‍ഹാന്‍പൂറില്‍ താജ്മഹലൊരുക്കാന്‍ സഹായിച്ചത്. വീടിനകത്തുള്ള കൊത്തുപണികള്‍ ഇവരാണ് ചെയ്തത്. 29 അടി ഉയരത്തിലാണ് വീടിന്‍റെ മുകളില്‍ താഴികക്കുടം ഒരുക്കിയിട്ടുള്ളത്. താജ്മഹലിന് സമാനമായി ഗോപുരങ്ങളും ഈ വീടിനുണ്ട്.

രാജസ്ഥാനില്‍ നിന്നെത്തിച്ച മക്രനയില്‍ ഫര്‍ണിച്ചറുകളുണ്ടായിക്കിയത് മുംബൈയില്‍ നിന്നുള്ള മരപ്പണി വിദഗ്ധരാണ്. താഴത്തെ നിലയില്‍ വലിയൊരു ഹാളും രണ്ട് കിടപ്പുമുറികളും സജ്ജീകരിച്ചിട്ടുണ്ട്. മുകള്‍ നിലയില്‍ രണ്ട് കിടപ്പുമുറിയും വലിയൊരു ലൈബ്രറിയും ധ്യാന മുറിയും ആണ് ഒരുക്കിയിരിക്കുന്നത്. താജ്മഹലിന് സമാനമായി ഇരുട്ടില്‍ തിളങ്ങുന്നത് പോലെയാണ് ഈ വിട്ടിലെ ലൈറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

എന്തായാലും മധ്യപ്രദേശിലെ മിനി താജ്മഹല്‍ കാണാന്‍ നിരവധിപ്പേരാണ് എത്തുന്നത്. ഷാജഹാന്‍ ചക്രവര്‍ത്തി 22 വര്‍ഷത്തിലധികം സമയം എടുത്താണ് യമുനാ തീരത്ത് താജ്മഹല്‍ നിര്‍മ്മിച്ചത്. ലോകമഹാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ 1983ല്‍ യുനെസ്കോയും പൈതൃക സ്ഥലങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരുന്നു. ഷാജഹാന്‍റെ മൂന്നാമത്തെ ഭാര്യയായിരുന്ന മുംതാസ് മഹല്‍ തന്‍റെ പതിനാലാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്നതിനിടയിലാണ് മരിച്ചത്. ഷാജഹാനുമായുള്ള വിവാഹത്തിന്‍റെ പതിനെട്ടാം വര്‍ഷത്തിലായിരുന്നു ഇത്. 
 

ചിത്രത്തിന് കടപ്പാട് ട്വിറ്റര്‍

click me!