
സൂറത്ത്: ഐസൊലേഷൻ വാർഡിൽ നിന്ന് കാണാതായ കൊവിഡ് രോഗിയെ മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്തിലാണ് സംഭവം. സൂറത്തിലെ ന്യൂ സിവില്‍ ആശുപത്രിയില്‍ നിന്ന് ഏപ്രില്‍ 28 ന് കാണാതായ രോഗിയെയാണ് രണ്ട് ദിവസങ്ങൾക്ക് ശേഷം മരിച്ച നിലയിൽ ഇതേ ആശുപത്രിവളപ്പിനുള്ളിൽ കണ്ടെത്തിയത്. കൊറോണ വൈറസ് ബാധ മൂലമാകാം ഇയാൾ മരിച്ചതെന്ന് ആശുപത്രി വൃത്തങ്ങൾ സംശയമുന്നയിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളിലൊന്നായ മൻ ദർവാജ സ്വദേശിയായ ഭഗവൻ റാണ എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞതായി അധികൃതർ വ്യക്തമാക്കി. ആശുപത്രി വളപ്പിൽ മൃതദേഹം കണ്ടതിനെ തുടർന്ന് പൊലീസ് അധികൃതരെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് വാർഡിൽ നിന്ന് കാണാതായ രോഗിയാണിയാളെന്ന് തിരിച്ചറിഞ്ഞത്.
ഏപ്രിൽ 21നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു. ഏപ്രിൽ 28 നാണ് ഇയാളെ സൂറത്തിലെ കൊവിഡ് വാർഡിൽ നിന്ന് കാണാതെയാകുന്നത്. പൊലീസും ആശുപത്രി അധികൃതരും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ബുധനാഴ്ചയോടെയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചികിത്സ നടന്നു കൊണ്ടിരിക്കുന്ന സമയത്ത് എന്തുകൊണ്ടാണ് അദ്ദേഹം പോയതെന്നും എവിടേയ്ക്കാണ് പോയതെന്നും എങ്ങനെയാണ് മരിച്ചതെന്നുമുള്ള കാര്യങ്ങളിൽ വ്യക്തതയില്ല. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇയാളുടെ ഭാര്യയും കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.