
ബെംഗളുരു : കർണാടകയിലെ ബെലഗാവിയിൽ ചിക്കൻ കഷ്ണത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ കാറ്ററിംഗ് ടീമംഗങ്ങൾ കുത്തിക്കൊന്നു. ബെലഗാവി യാരഗട്ടിയിൽ ഇന്നലെയാണ് സംഭവം. യാരഗട്ടി സ്വദേശി വിനോദ് മാലഷെട്ടിയാണ് കൊല്ലപ്പെട്ടത്. സുഹൃത്തായ അഭിഷേക് കൊപ്പാടെന്ന വിവാഹപ്പാർട്ടിക്കിടെയാണ് അക്രമമുണ്ടായത്.
വിളമ്പിയതിലും കൂടുതൽ ചിക്കൻ പീസ് ചോദിച്ചതാണ് കാറ്ററിംഗ് ടീമിനെ പ്രകോപിപ്പിച്ചത്. ഉന്തിനും തള്ളിനുമിടയിൽ കാറ്റററിംഗ് ടീമിലെ ചിലർ കറിക്കത്തിയെടുത്ത് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനോദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. കാറ്ററിംഗ് ടീമംഗങ്ങൾ ഒളിവിലാണെന്നും ഇവർക്കായി തെരച്ചിൽ തുടരുകയാണെന്നും ബെലഗാവി പൊലീസ് അറിയിച്ചു.