ഒൻപത് വർഷത്തെ തീവ്രശ്രമം, ഒടുവിൽ ചാക്കുകളിൽ നിറച്ച 11000 പത്ത് രൂപ നാണയങ്ങളുമായെത്തി യുവാവ് ബൈക്ക് വാങ്ങി മടങ്ങി

Published : Jul 09, 2026, 09:45 AM IST
10 rupee coins used to buy bike

Synopsis

തെലങ്കാന സ്വദേശിയായ രഘുപതിയും കുടുംബവും 9 വർഷം കൊണ്ട് സ്വരൂപിച്ച 1.10 ലക്ഷം രൂപയുടെ പത്ത് രൂപ നാണയങ്ങൾ നൽകി പുതിയ ഹീറോ സ്പ്ലെൻഡർ ബൈക്ക് വാങ്ങി. ഷോറൂം ജീവനക്കാർ 4 മണിക്കൂറെടുത്ത് നാണയങ്ങൾ എണ്ണിത്തീർത്താണ് ഈ കുടുംബത്തിന്റെ സ്വപ്നം സാക്ഷാത്കരിച്ചത്.

ഹൈദരാബാദ്: ഒരു പുതിയ ബൈക്ക് വാങ്ങുക എന്നത് തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിലുള്ള കൊണ്ടേ രഘുപതിയുടെയും കുടുംബത്തിന്റെയും 9 വർഷത്തെ വലിയൊരു സ്വപ്നമായിരുന്നു. ഒടുവിൽ ആ സ്വപ്നം അവർ സ്വന്തമാക്കിയത് തികച്ചും വ്യത്യസ്തമായ രീതിയിലും. ചാക്കുകളിൽ നിറച്ച 11000 പത്ത് രൂപ നാണയങ്ങൾ മാത്രമായിരുന്നു 1.10 ലക്ഷം രൂപ വിലവരുന്ന ഹീറോ സ്പ്ലെൻഡർ പ്ലസ് ബൈക്ക് വാങ്ങാൻ രഘുപതി ഷോറൂമിൽ എത്തിച്ചത്!

ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന രഘുപതിയുടെ കുടുംബം 2017 മുതലാണ് ബൈക്ക് വാങ്ങുക എന്ന ലക്ഷ്യത്തോടെ പണം സ്വരൂപിക്കാൻ തുടങ്ങിയത്. ഇതിനായി ഇവർ തിരഞ്ഞെടുത്തത് പത്ത് രൂപയുടെ നാണയങ്ങളായിരുന്നു. പത്ത് രൂപ നാണയങ്ങൾക്ക് നിയമസാധുതയില്ലെന്ന തരത്തിൽ നാട്ടിൽ പലവിധ വ്യാജ വാർത്തകൾ പരന്നെങ്കിലും ഈ കുടുംബം അതൊന്നും വകവെക്കാതെ തങ്ങളുടെ സമ്പാദ്യം തുടർന്നു. പണവുമായി രഘുപതി എത്തിയപ്പോൾ ഷോറൂം ജീവനക്കാർ ആദ്യം ഒന്ന് അമ്പരന്നു. തുടർന്ന് നാണയങ്ങൾ നിലത്തു നിരത്തി എണ്ണാൻ തുടങ്ങി. 5 ജീവനക്കാർ ചേർന്ന് ഏകദേശം 4 മണിക്കൂർ എടുത്താണ് 1.10 ലക്ഷം രൂപയുടെ നാണയങ്ങൾ എണ്ണിത്തീർത്തത്.

താൻ നാണയങ്ങളായാണ് പണം നൽകുക എന്ന കാര്യം രഘുപതി മുൻകൂട്ടി അറിയിച്ചിരുന്നതായി ഷോറൂം ഉടമ ഉപ്പു മധു പറഞ്ഞു. എണ്ണിയെടുക്കാൻ സമയമെടുക്കുമെന്ന ആശങ്ക ആദ്യമുണ്ടായിരുന്നെങ്കിലും കുടുംബത്തിന്റെ കഠിനാധ്വാനവും ആഗ്രഹവും കണ്ട് ബൈക്ക് നൽകാൻ അവർ തീരുമാനിക്കുകയായിരുന്നു. ദൃഢനിശ്ചയവും കൃത്യമായ സമ്പാദ്യശീലവുമുണ്ടെങ്കിൽ ഏതൊരു വലിയ സ്വപ്നവും യാഥാർത്ഥ്യമാക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് ഈ കുടുംബം. സോഷ്യൽ മീഡിയയിലും വലിയ അഭിനന്ദനമാണ് ഇവർക്ക് ലഭിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫസ്റ്റ് എസി കൂപ്പ ഹണിമൂൺ സ്യൂട്ടായി, ട്രെയിനിലെ മധുവിധുവിൽ പണി കിട്ടിയത് ടിടിഇക്ക്, അലങ്കരിച്ച ആൾക്കെതിരേയും കേസ്
വിട്ടുകിട്ടണമെന്ന് യുഎസ്; നിയമവശങ്ങൾ പഠിക്കുമെന്ന് ഇന്ത്യ: ഹർദീപ് സിംഗ് നിജ്ജാർ വധക്കേസിൽ പുതിയ വഴിത്തിരിവ്