
ശ്രീനഗർ: അയൽവാസിയുടെ വീടിന്റെ സ്വകാര്യത ഹനിക്കുന്നുവെന്ന കാരണത്താൽ വർഷങ്ങളോളം തുറക്കാന്‍ സാധിക്കാതിരുന്ന വീടിന്റെ ജനാല തുറക്കാന്‍ ഒടുവിൽ യുവാവിന് അനുമതി. ജമ്മു കശ്മീരിലാണ് സംഭവം. ഗുലാം നബി ഷാ എന്ന യുവാവിന്റെ വീടിന്റെ ജനലുകൾ തുറക്കുന്നതിനായിരുന്നു പ്രാദേശിക കോടതി വിലക്ക് കൽപിച്ചത്. 2018ലായിരുന്നു വിവാദമായ തീരുമാനം. സ്വകാര്യത ഗുലാം നബി ഷായുടെ വീടിന്റെ ജനൽ മൂലം തകർക്കുന്നുവെന്നും വീടിന്റെ നിർമ്മാണം നിർത്തി വയ്ക്കണമെന്നും കാണിച്ച് അയൽവാസിയുടെ പരാതിയിലായിരുന്നു കോടതിയുടെ തീരുമാനം.
വീട് നിർമ്മാണം തുടരാമെന്നും എന്നാൽ വിവാദമായ ജനൽ തുറക്കരുതെന്നുമായിരുന്നു പ്രാദേശിക കോടതി ഉത്തരവിട്ടത്. ഈ ഉത്തരവിനെതിരെ യുവാവ് ജമ്മു കശ്മീർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സ്വന്തം സ്വകാര്യത ഉറപ്പ് വരുത്തേണ്ടത് ഓരോരുത്തരുടേയും ഉത്തരവാദിത്തമാണെന്ന് വിശദമാക്കിയാണ് ഹൈക്കോടതി ജനലുകൾ തുറക്കാനുള്ള അനുമതി നൽകിയത്. ജമ്മു കശ്മീരിലെ ബഡ്ഗാമിലെ യാരിഖ്വാ ഗ്രാമത്തിലെ അയൽവാസികൾക്കിടയിലാണ് ജനൽ വാതിലിനേ ചൊല്ലി കലഹമുണ്ടായത്. അയൽവാസിയുടെ വീടിനേക്കാൾ അൽപം ഉയർന്ന പ്രതലത്തിലുള്ള ഭൂമിയിലായിരുന്നു ഗുലാം നബി ഷാ വീട് നിർമ്മിച്ചത്. ഇതിനാൽ ഗുലാം നബി ഷായുടെ വീടിന്റെ ജനലുകൾ തുറന്നാൽ അയൽവാസിയുടെ പുരയിടം ദൃശ്യമായിരുന്നു. ഇതോടെയാണ് ഗുലാം നബി ഷായുടെ അയൽവാസി അബ്ദുൾ ഗാനി ഷെയ്ഖ് പ്രാദേശിക കോടതിയെ സമീപിച്ചത്. ഇരുപത് വർഷത്തിന് മുന്‍പാണ് ഈ വീട് നിർമാണം ആരംഭിച്ചത്. എന്നാൽ വർഷങ്ങൾക്കിപ്പുറമാണ് അബ്ദുൾ ഗാനി ഷെയ്ഖ് സ്വകാര്യത ലംഘനമെന്ന് ആരോപിച്ച് കോടതിയിലെത്തിയത്.
ഗുലാം നബി ഷായുടെ വീടിൽ നിന്നുള്ള മലിന ജലം പോകാനുളള പൈപ്പുകൾ തന്റെ പുരയിടത്തിലേക്കാണ് വച്ചിട്ടുള്ളതെന്നും വീടിന്റെ മുകളിൽ നിന്ന് തന്റെ പുരയിടത്തിലേക്ക് മഞ്ഞ് പതിക്കുന്നുവെന്നതടക്കമുള്ള പരാതികളും അബ്ദുൾ ഗാനി ഷെയ്ഖ് പരാതിയിൽ ഉന്നയിച്ചിരുന്നു. 2018ലാണ് കോടതി ഈ ഹർജിക്ക് അനുകൂലമായ തീരുമാനം എടുത്തത്. മേൽക്കൂരയിൽ നിന്നുള്ള ഡ്രെയിനേജ് പൈപ്പിന്റെ ദിശ മാറ്റണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗുലാം നബി ഷാ വിചാരണക്കോടതിയുടെ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ അബ്ദുൾ ഗാനി ഷെയ്ഖ് ഹൈക്കോടതിയിൽ എതിർ കക്ഷിയായി എത്തിയില്ല.
മേൽക്കൂരയിലെ ചെരിവ് സംബന്ധിച്ച് വിചാരണക്കോടതിയുടെ തീരുമാനം അംഗീകരിച്ച കോടതി ജനലുകൾ തുറന്നിടാന്‍ ഗുലാം നബി ഷായ്ക്ക് അനുമതി നൽകുകയായിരുന്നു. ജസ്റ്റിസ് അതുൽ ശ്രീധരന്റേതാണ് തീരുമാനം. എതിർ കക്ഷിക്ക് സ്വകാര്യത ഉറപ്പിക്കാന്‍ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും കോടതി വിശദമാക്കി. സ്വകാര്യത സംരക്ഷിക്കാന്‍ മതിൽ കെട്ടുന്നതും ജനലുകൾക്ക് കർട്ടനുകൾ അടക്കമുള്ളവ ഉപയോഗിക്കാനും ഹൈക്കോടതി അബ്ദുൾ ഗാനി ഷെയ്ഖിനോട് നിർദ്ദേശിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam