
ചെന്നൈ: ചില്ലറ തർക്കത്തിൻ്റെ പകതീർക്കാൻ ബസ് മോഷ്ടിച്ചയാൾ അപകടത്തിൽപെട്ടതിന് പിന്നാലെ അറസ്റ്റിലായി. ചെന്നൈ തിരുവാൺമയൂർ എംടിസി ഡിപ്പോയിൽ വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് സംഭവം. ബസന്ത് നഗർ സ്വദേശിയായ എൽ.എബ്രഹാമിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച ട്രാൻസ്പോർട് ബസിൽ യാത്ര ചെയ്ത എബ്രഹാം കണ്ടക്ടറോട് ചില്ലറയെ ചൊല്ലി തർക്കിച്ചിരുന്നു. ഇതിന് ശേഷം കണ്ടക്ടറോടുളള വൈരാഗ്യം മനസിലുണ്ടായിരുന്ന എബ്രഹാം ഡിപ്പോയിലെത്തി ട്രാൻസ്പോർട്ട് ബസ് മോഷ്ടിക്കുകയായിരുന്നു. 10 കിലോമീറ്റർ ദൂരത്തേക്ക് ഇയാൾ ബസ് ഓടിച്ച് പോയി. എന്നാൽ നീലാങ്കരയിൽ വച്ച് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം ഉണ്ടായി. ഈ ഘട്ടത്തിലാണ് ബസ് മോഷ്ടിച്ചതാണെന്ന് മനസിലായത്. പിന്നാലെ ചെന്നൈ പൊലീസ് എബ്രഹാമിനെ കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്നു ഇയാൾ. ചോദ്യം ചെയ്യലിൽ കണ്ടക്ടറുമായുള്ള തർക്കമാണ് മോഷ്ടിക്കാൻ കാരണമെന്ന് എബ്രഹാം പൊലീസിനോട് പറഞ്ഞു. ഡിപ്പോയിൽ നിന്ന് ബസ് പുറത്ത് പോയതിൽ ഉദ്യോഗസ്ഥ വീഴ്ച കണ്ടെത്താൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.