
സുൽത്താൻപുർ: വരുൺ ഗാന്ധിക്ക് ബിജെപി സീറ്റ് നിഷേധിച്ചതിൽ പ്രതികരണവുമായി അമ്മയും ബിജെപി സ്ഥാനാർഥിയുമായ മനേക ഗാന്ധി. കേന്ദ്ര സർക്കാരിനെതിരെ വിമർശിച്ചതിനെ തുടർന്നായിരിക്കാം സീറ്റ് നിഷേധിച്ചതെന്ന് അവർ പറഞ്ഞു. മറ്റൊരു കാരണവും പ്രത്യക്ഷത്തിൽ കാണാനില്ലെന്നും വരുണിന് സീറ്റ് നിഷേധിച്ചത് അമ്മ എന്ന നിലയിൽ സങ്കടപ്പെടുത്തിയെന്നും മനേക പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.
ഇത്തവണയും വരുണിനെ പിലിബിത്തിൽ നിർത്തണമെന്ന് മണ്ഡലത്തിൽനിന്നുതന്നെ ആവശ്യം ഉയർന്നിരുന്നു. എന്നാൽ പാർട്ടിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. പിലിബിത്തും ഇന്ത്യയുമാണ് വരുണിന്റെ കർമഭൂമിയെന്നും മനേക പറഞ്ഞു. സുൽത്താൻപുർ മണ്ഡലത്തിലെ സ്ഥാനാർഥിയാണ് മേനക ഗാന്ധി.
Read More.... മോദിയുമായി തുറന്ന സംവാദത്തിന് തയ്യാർ, ക്ഷണം സ്വീകരിച്ച് രാഹുൽ ഗാന്ധി
സമാജ്‌വാദി പാർട്ടിയുടെ റാം ഭുവൽ നിഷാദിനെതിരെയാണ് മനേക മത്സരിക്കുന്നത്. എന്നാൽ, ഇതുവരെ വരുൺ മനേകക്ക് വേണ്ടി പ്രചാരണത്തിനെത്തിയില്ലെന്നതും ശ്രദ്ധേയമാണ്. മേയ് 25നാണ് സുൽത്താൻപുരിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 19നായിരുന്നു പിലിബിത്തിലെ വോട്ടെടുപ്പ്. പിലിബിത്തിൽ ബിജെപിക്കായി ജിതിൻ പ്രസാദയാണ് മത്സരിച്ചത്.