Hijab row : ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികളെ വിലക്കി, സംഘര്‍ഷം; മംഗളൂരുവില്‍ കോളേജ് അടച്ചു

Published : Mar 06, 2022, 08:52 AM ISTUpdated : Mar 06, 2022, 08:56 AM IST
Hijab row : ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികളെ വിലക്കി, സംഘര്‍ഷം; മംഗളൂരുവില്‍ കോളേജ് അടച്ചു

Synopsis

ഹിജാബ് ധരിച്ച് പരീക്ഷയെഴുതാനെത്തിയ അഞ്ച് വിദ്യാര്‍ത്ഥിനികളെയാണ് ആണ്‍കുട്ടികള്‍ തടഞ്ഞത്. പ്രിന്‍സിപ്പാള്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ചെത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.  

മംഗളൂരു: ഹിജാബ് (Hijab) ധരിച്ചെത്തിയ പെണ്‍കുട്ടികളെ കോളേജില്‍ പ്രവേശിക്കാന്‍ വിലക്കിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കോളേജ് അടച്ചു. മംഗളൂരു (Mangalore) കാര്‍ സ്ട്രീറ്റിലെ ദയാനന്ദ പൈ-സതീഷ് പൈ ഗവ. ഫസ്റ്റ് ഗ്രേഡ് കോളേജാണ് അനിശ്ചകാലത്തേക്ക് അടച്ചത്. നേരത്തെ തീരുമാനിച്ച പരീക്ഷകളും മാറ്റിവെച്ചു. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാനാണ് തീരുമാനം. ഹിജാബ് ധരിച്ച് പരീക്ഷയെഴുതാനെത്തിയ അഞ്ച് വിദ്യാര്‍ത്ഥിനികളെയാണ് ആണ്‍കുട്ടികള്‍ തടഞ്ഞത്. പ്രിന്‍സിപ്പാള്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ചെത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

എന്നാല്‍ ആണ്‍കുട്ടികള്‍ ക്യാമ്പസില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്നാരോപിച്ച് പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതി നല്‍കി. ചില അധ്യാപകരും പെണ്‍കുട്ടികളെ എതിര്‍ത്തു. വിവാദമായതിന് പിന്നാലെ പ്രിന്‍സിപ്പാള്‍ വാക്കുമാറ്റിയെന്നും പെണ്‍കുട്ടികള്‍ ആരോപിച്ചു. ഫോണില്‍ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ആണ്‍കുട്ടികളിലൊരാളും പൊലീസിനെ സമീപിച്ചു. കര്‍ണാടകയിലെ വിവിധ കോളേജുകളില്‍ ഹിജാബ് വിവാദം കത്തിപ്പടര്‍ന്നതിന് പിന്നാലെ കേസ് ഹൈക്കോടതിയിലെത്തിയിരുന്നു. കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി വിധി പറയാനായി മാറ്റി.

ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ തീവ്രവാദികള്‍ എന്ന് വിശേഷിപ്പിച്ചു; റാണ അയ്യൂബിനെതിരെ കേസ്

ബെംഗളൂരു: ഹിജാബ് (Hijab Row) വിരുദ്ധ പ്രക്ഷോഭകരെ ഹിന്ദു തീവ്രവാദികള്‍ എന്ന് പരാമര്‍ശിച്ചതിന് മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെതിരെ (Rana Ayyub) കേസ്.  കര്‍ണാടകയിലെ ധാര്‍വാഡിലാണ്  റാണ അയ്യൂബിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഹിന്ദു ഐടി സെല്‍ പ്രവര്‍ത്തകന്‍ അശ്വത് എന്നയാളുടെ പരാതിയെ തുടര്‍ന്നാണ് ഐപിസി 295 എ പ്രകാരം ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ബിബിസിക്ക് (BBC) നല്‍കിയ അഭിമുഖത്തിലാണ് റാണ അയ്യൂബ് വിവാദ പരാമര്‍ശം നടത്തിയത്. കര്‍ണാടകയിലെ ഹിജാബ് വിരുദ്ധ സമരക്കാരെ റാണാ അയ്യൂബ് 'തീവ്രവാദികള്‍' എന്ന് വിളിച്ചതായി അശ്വത് നല്‍കിയ പരാതിയില്‍ പറയുന്നു. 'പെണ്‍കുട്ടികള്‍ വളരെക്കാലമായി ഹിജാബ് ധരിക്കുന്നു. എന്തുകൊണ്ടാണ് തീവ്രവാദികളായ യുവ വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ കാവിക്കൊടി ഉയര്‍ത്തുന്നത്. വിദ്യാഭ്യാസ സ്ഥാപനത്തില്‍ എന്തിനാണ് ആണ്‍കുട്ടികള്‍ കാവി പതാക പിടിക്കുന്നത്. എന്താണ് ഇതിന്റെയൊക്കെ അര്‍ഥം- അഭിമുഖത്തില്‍ റാണ അയ്യൂബ് പറഞ്ഞു. ഫെബ്രുവരി 21 ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും മാര്‍ച്ച് നാലിനാണ് ധാര്‍വാഡിലെ വിദ്യാഗിരി പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. റാണ അയ്യൂബിനെതിരെ അഞ്ച് പരാതികളെങ്കിലും നല്‍കിയിട്ടുണ്ടെന്ന് ഹിന്ദു ഐടി സെല്‍ പറഞ്ഞു. പരാതിയില്‍ പരാമര്‍ശിച്ചിരിക്കുന്ന വീഡിയോ അഭിമുഖം 'റാണ അയ്യൂബ്' എന്ന യുട്യൂബ് അക്കൗണ്ടിലാണ് പബ്ലിഷ് അപ്ലോഡ് ചെയ്തത്. 

സംഭവത്തില്‍ പ്രതികരണവുമായി റാണ അയ്യൂബ് രംഗത്തെത്തി. ''ഹിജാബ് വിഷയത്തില്‍ വലതുപക്ഷ സംഘടന എനിക്കെതിരെ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതൊന്നും സത്യം പറയുന്നതില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കില്ലെന്നും അവര്‍ ട്വീറ്റ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?