
മംഗളൂരു: മംഗളൂരുവിൽ നിന്ന് രാമേശ്വരത്തേക്ക് പുതിയ പ്രതിവാര ട്രെയിൻ. ഏറെക്കാലമായി ഉയർന്നിരുന്ന ആവശ്യത്തിനാണ് റെയില്‍വേ മന്ത്രാലയം അംഗീകാരം നൽകിയത്.
ട്രെയിൻ നമ്പർ 16622 മംഗളൂരു - രാമേശ്വരം പ്രതിവാര എക്സ്പ്രസ് ശനിയാഴ്ചകളിൽ രാത്രി 7.30 ന് മംഗലാപുരത്ത് നിന്ന് പുറപ്പെടും. ഞായറാഴ്ച പകൽ 11.45 ന് രാമേശ്വരത്ത് എത്തിച്ചേരും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട്, പൊള്ളാച്ചി, പഴനി, ഒഡൻചത്രം, ഡിണ്ടിഗൽ, മധുരൈ, മൻമദുരൈ, രാമനാഥപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. തിരിച്ചുള്ള ട്രെയിൻ ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് രണ്ടിന് രാമേശ്വരത്ത് നിന്ന് പുറപ്പെടും. തിങ്കളാഴ്ച പുലർച്ചെ 5.50ന് മംഗളൂരുവിലെത്തും.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെറെ മാതൃകാ പെരുമാറ്റച്ചട്ടം മാർച്ച് 16 ന് നിലവിൽ വന്നതോടെ റെയിൽവേ മന്ത്രാലയം ഉടൻ സർവീസ് ആരംഭിക്കുമോയെന്ന് സംശയമുണ്ട്. വിഷയം പരിശോധിക്കേണ്ടതുണ്ടെന്ന് ദക്ഷിണ റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. എസിയും സ്ലീപ്പറും ജനറലും ഉള്‍പ്പെടെ 22 കോച്ചുകളാണ് ട്രെയിനിലുണ്ടാവുക.
പാസഞ്ചർ അസോസിയേഷനുകളും യാത്രക്കാരും മംഗളൂരു - രാമേശ്വരം ട്രെയിനിനായി നിരന്തരമായി ആവശ്യം ഉന്നയിച്ചിരുന്നു. പഴനി, മധുര തുടങ്ങിയ സ്ഥലങ്ങളിൽ തീർത്ഥാടനത്തിന് പോകുന്നവർക്കും ഈ ട്രെയിൻ പ്രയോജനപ്പെടും. 2022 ലെ ഇന്‍റർ റെയിൽവേ ടൈംടേബിൾ കമ്മിറ്റി യോഗത്തിൽ മന്ത്രാലയം പ്രതിവാര സർവീസിന് അനുമതി നൽകിയിരുന്നു. എന്നാൽ ട്രെയിൻ ഇതുവരെ ഓടിയിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം