
ദില്ലി: മണിപ്പൂർ സംഭവ വികാസങ്ങളിൽ ആശങ്ക രേഖപ്പെടുത്തി അമേരിക്ക. വൈറൽ വീഡിയോയിലൂടെ പുറത്തുവന്ന പീഡനത്തെ ക്രൂരവും ഭയാനകവും എന്നാണ് അമേരിക്കൻ വിദേശകാര്യ വക്താവ് വിശേഷിപ്പിച്ചത്. പ്രശ്നത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താനും എല്ലാ വിഭാഗങ്ങൾക്കും സംരക്ഷണം നൽകാനും മാനുഷിക സഹായം എത്തിക്കാനും അധികൃതരോട് അഭ്യർത്ഥിക്കുന്നതായി യു എസ് വിദേശകാര്യ വക്താവ് പറഞ്ഞു. തോബാലിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത ദൃശ്യങ്ങൾ പുറത്ത് വന്ന പശ്ചാത്തലത്തിലാണ് അമേരിക്കയുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം.
അതിനിടെ വിഷയം പാർലമെന്റിനെ ഇന്ന് പ്രക്ഷുബ്‌ധമാക്കി. മണിപ്പൂർ വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായി ഇന്ത്യ രംഗത്തെത്തി. പാർലമെന്റിന്‍റെ ഇരുസഭകളും ബഹളത്തിൽ മുങ്ങി. പ്രധാനമന്ത്രി മറുപടി പറയണമെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് മറുപടി നൽകാൻ എഴുന്നേറ്റെങ്കിലും സംസാരിക്കാൻ പ്രതിപക്ഷം അനുവദിച്ചില്ല. ചോദ്യോത്തര വേളയ്ക്ക് ശേഷം ചർച്ചയാകാമെന്ന് സ്പീക്കർ നിലപാടെടുത്തെങ്കിലും പ്രതിപക്ഷം അയഞ്ഞില്ല. ഇരു സഭകളും ആദ്യം 12 മണിവരെയും പിന്നീട് രണ്ട് മണിവരെയും നിർത്തിവച്ചു.
മെയ് അഞ്ചിനാണ് ഇംഫാലില്‍ രണ്ട് സ്ത്രീകളെ അക്രമിസംഘം കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. അക്രമികള്‍ക്കൊപ്പം ഉണ്ടായിരുന്ന സ്തീകളുടെ സംഘമാണ് ബലാത്സംഗം ചെയ്യാന്‍ ഇവരെ പിടിച്ച് നല്‍കിയതെന്ന് ദൃക്സാക്ഷി മൊഴി നല്‍കിയിരുന്നു. ഈ കേസിലാണ് യുവതികളിലൊരാളുടെ അമ്മ സംഭവത്തെ കുറിച്ച് പ്രതികരിച്ചത്. മണിപ്പൂരില്‍ വ്യാപകം ആക്രമണം നടക്കുമ്പോള്‍ ഭയന്ന് മകളെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് ഒരു സ്തീയായിരുന്നു. മകളെ ജീവനോടെ വേണോയെന്ന് ഫോണിലൂടെ സ്ത്രീ ചോദിച്ചു. പിന്നീട് തന്‍റെ മകളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വിവരമാണ് അറിഞ്ഞതെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
Read More: മണിപ്പൂർ കലാപം: മുഖ്യമന്ത്രി രാജിവെക്കണമെന്ന് ബിജെപി എംൽഎ, മെയ്തെയ് പലായനം തുടരുന്നു
കൊല്ലപ്പെട്ട യുവതികളുടെ മൃതദേഹം ഇപ്പോഴും കുടുംബത്തിന് കൈമാറിയിട്ടില്ല. രണ്ട് മൃതദേഹവും ഇംഫാലിലെ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇപ്പോഴും മകള്‍ കൊല്ലപ്പെട്ടുവെന്ന് വിശ്വസിക്കാനായിട്ടില്ലെന്നും മകള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കഴിയുന്നതെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു. തോബാലില്‍ രണ്ട് സ്തീകളെ നഗ്നരാക്കി നടത്തി അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്ത അതേ ദിവസമാണ് ഈ സംഭവവും ഉണ്ടായത്. കേസില്‍ ആരെയും പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അതേസമയം സംഘർഷ സാഹചര്യം നിലനില്‍ക്കുന്ന മിസോറാമില്‍ നിന്ന് മെയ്ത്തെയ് വിഭാഗത്തിന്‍റെ പലായാനം തുടരുകയാണ്. ഒരു വിഭാഗം മെയ്ത്തെയ് വിഭാഗക്കാർ മണിപ്പൂരിലേക്കും ഒരു വിഭാഗം അസമിലേക്കുമാണ് മാറുന്നത്. ഇന്നലെ മാത്രം 68 പേർ മിസോറാമിൽ നിന്ന് ഇംഫാലിലെത്തി. 41 പേർ മിസോറാമിൽ നിന്ന് അസമിലേക്കും എത്തിയിട്ടുണ്ട്. സംഘർഷമുണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ മിസോറാമിൽ സുരക്ഷ ശക്തമാക്കി. മെയ്ത്തെയ് വിഭാഗക്കാർ മിസോറാമില്‍ നിന്ന് ഒഴിഞ്ഞ് പോകണമെന്ന് മുന്‍ വിഘടനവാദ സംഘമായ പാംറ ആവശ്യപ്പെട്ടിരുന്നു.
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala Live TV News | Malayalam News Live
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam