സംഘർഷം ഉണ്ടാകുമെന്ന ആശങ്കയിൽ മിസോറാമിൽ നിന്നുള്ള മെയ്ത്തെയ് വിഭാഗക്കാരുടെ പലായനം തുടരുകയാണ്

ഇംഫാൽ: കലാപം തുടരുന്ന മണിപ്പൂരിലെ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിനെ മാറ്റണമെന്ന് ഗോത്രവർഗ എംഎൽഎമാർ നിലപാടെടുത്തു. മുഖ്യമന്ത്രി അക്രമികളുമായി ഒത്തുകളിച്ചെന്ന് ബിജെപി എംഎൽഎ ഹയോക്കിപ്പ് ആരോപിച്ചു. അക്രമം നടക്കുമ്പോൾ മകളുടെ ഫോണെടുത്ത് സംസാരിച്ചത് ഒരു സ്ത്രീയാണെന്ന് ഇംഫാലിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെയും മണിപ്പൂരിൽ ഒരു സ്ത്രീക്ക് വെടിയേറ്റിരുന്നു.

മണിപ്പൂർ വിഷയത്തിൽ ഇന്നും പാർലമെന്റിൽ പ്രതിഷേധമുയരുമെന്നാണ് വിവരം. വിഷയത്തിൽ വിശദമായ ചർച്ച വേണമെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടായിരിക്കും പ്രതിപക്ഷ പ്രതിഷേധം. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളിലെ എംപിമാർ ലോക്സഭയിലും രാജ്യസഭയിലും ചർച്ച ആവശ്യപ്പെട്ട് നോട്ടീസ് നൽകും. 

ഇതിനിടെ സംഘർഷം ഉണ്ടാകുമെന്ന ആശങ്കയിൽ മിസോറാമിൽ നിന്നുള്ള മെയ്ത്തെയ് വിഭാഗക്കാരുടെ പലായനം തുടരുകയാണ്. ഇന്നലെ മാത്രം 68 പേർ മിസോറാമിൽ നിന്ന് ഇംഫാലിലെത്തിയതാണ് കണക്ക്. 41 പേർ മിസോറാമിൽ നിന്ന് അസമിലേക്കും എത്തിയിട്ടുണ്ട്. സംഘർഷ സാഹചര്യം നിലനിൽക്കുന്നതിനാൽ മിസോറാമിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala Live TV News