മണിപ്പൂർ സംഘർഷം; വീടുകൾക്ക് തീയിട്ട് 22 അക്രമികൾ പിടികൂടിയെന്ന് സൈന്യം, ചൈനീസ് നിർമിത ആയുധങ്ങൾ പിടിച്ചെടത്തു

By Web TeamFirst Published May 29, 2023, 7:27 PM IST
Highlights

വീടുകൾക്ക് തീയിട്ട് 22 പേര്‍ അടക്കം 25 അക്രമികളെ പിടികൂടിയെന്ന് സൈന്യം അറിയിച്ചു. ഇവരില്‍ നിന്നായി ചൈനീസ് ​ഗ്രെനേഡും വൻ ആയുധശേഖരവും പിടിച്ചെടുത്തു. 

ദില്ലി: മണിപ്പൂരിൽ കലാപതീയണയുന്നില്ല. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്തെത്താനിരിക്കെ പലയിടങ്ങളിലും സംഘർഷം തുടരുകയാണ്. അതിനിടെ, വീടുകൾക്ക് തീയിട്ട് 22 പേര്‍ അടക്കം 25 അക്രമികളെ പിടികൂടിയെന്ന് സൈന്യം അറിയിച്ചു. ഇവരില്‍ നിന്നായി ചൈനീസ് ​ഗ്രെനേഡും വൻ ആയുധശേഖരവും പിടിച്ചെടുത്തു. അതേസമയം, വിഷയത്തില്‍ അടിയന്തര ഇടപെടൽ തേടി പ്രതിപക്ഷം നാളെ രാഷ്ട്രപതിയെ കാണും.

ഇന്നലെ രാത്രി ഇംഫാലിലെ സെരോയ് സു​ഗുണു മേഖലയിലുണ്ടായ സംഘർഷത്തിലാണ് പൊലീസ് ഉദ്യോ​ഗസ്ഥനുൾപ്പടെ അഞ്ച് പേ‍ർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ഇതോടെ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 80 ആയി. ഓട്ടോമാറ്റിക് ആയുധങ്ങളടക്കം ഉപയോ​ഗിച്ച് അക്രമം നടത്തിയവരാണ് ഇവരെന്ന് പൊലീസ് പറയുന്നു. സൈന്യവും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിൽ ന്യൂ ചെക്കോൺ മേഖലയിൽ നിന്നും മൂന്ന് പേ‍രെ ചൈനയിൽ നിർമ്മിച്ച ​ഗ്രെനേഡും മറ്റ് ആയുധങ്ങളുമായി പിടികൂടി. ഇംഫാലിലെ സൻസാബി, ​ഗ്വാൽതാബി, ഷാബുങ്ഖോൾ, ഖുനാവോ ​ഗ്രാമങ്ങളിൽ വ്യാപകമായി വീടുകൾക്ക് തീയിട്ട 22 പേരെയും സൈന്യം പിടികൂടി. ഇവരിൽ നിന്നും ഡബിൾ ബാരൽ തോക്കുകളടക്കം വൻ ആയുധശേഖരവും കണ്ടെത്തി. സംസ്ഥാനത്ത് പലയിടങ്ങളിലായി സൈന്യത്തിന്റെ തെരച്ചിൽ തുടരുകയാണ്. 

Also Read: ചുറ്റും ഗുരുതര പരിക്കേറ്റവര്‍ മാത്രം, അന്തരീക്ഷത്തില്‍ പുകയും തീനാളവും; കലാപത്തിന്‍റെ ഓര്‍മ്മകളുമായി ഡോക്ടര്‍

അതേസമയം തങ്ങളെ ഏകപക്ഷീയമായി വെടിവച്ചുകൊല്ലുകയാണെന്നാണ് കുകി വിഭാ​ഗക്കാർ ആരോപിക്കുന്നത്. ​ഗ്രാമങ്ങൾക്ക് കാവൽ നിന്നവരെ കമാൻഡോകൾ അർദ്ധരാത്രി പിടികൂടി വെടിവച്ചു കൊന്നതാണെന്നും കുകി വിഭാ​ഗക്കാർ പ്രസ്താവനയിലൂടെ പറഞ്ഞു. രാത്രി ഇംഫാലിലെത്തുന്ന അമിത് ഷാ അക്രമബാധിത മേഖലകളിൽ സന്ദർശനം നടത്തും. മെയ്തി കുക്കി വിഭാഗങ്ങളുമായി സംസാരിക്കും. അതേസമയം കലാപം തടയുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടെന്ന ആക്ഷേപവുമായാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷം രാഷ്ട്രപതിയെ കാണുന്നത്. പ്രധാനമന്ത്രി ഇതുവരെയും ഇടപെടാത്തതിനെയും പ്രതിപക്ഷം ചോദ്യം ചെയ്യുന്നു.

അതിനിടെ, മണിപ്പൂരിലെ സംഭവവികാസങ്ങളെ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മണിപ്പൂർ ചീഫ് സെക്രട്ടറി അറിയിച്ചു. സോഷ്യൽ മീഡിയയും മാധ്യമങ്ങളും നിരീക്ഷിക്കുന്നുണ്ടെന്നും മണിപ്പൂരിനകത്തും പുറത്തുമുള്ളവർക്കെതിരെയും  വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

click me!