Asianet News MalayalamAsianet News Malayalam

ചുറ്റും ഗുരുതര പരിക്കേറ്റവര്‍ മാത്രം, അന്തരീക്ഷത്തില്‍ പുകയും തീനാളവും; കലാപത്തിന്‍റെ ഓര്‍മ്മകളുമായി ഡോക്ടര്‍

കരസേനയുടേയും പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്‍റെയും ശ്രമഫലമായാണ് ഡോ. അഹേലിനെ തിരികെ കൊല്‍ക്കത്തയിലേക്ക് കൊണ്ടുവരാന്‍ സാധിച്ചത്

Dr Ahel Bandopadhyay who stuck in Moreh recounted all those seven days etj
Author
First Published May 11, 2023, 1:36 PM IST

കൊല്‍ക്കത്ത: മണിപ്പൂര്‍ കലാപത്തിനിടയില്‍ 7 ദിവസം മണിപ്പൂരില്‍ കുടുങ്ങിപ്പോയ ഡോക്ടറുടെ അനുഭവം ആരേയും ഭീതിയിലാക്കും. ഏഴ് ദിവസത്തോളം മണിപ്പൂരിലെ മൊറിയയിലാണ് ഡോ. അഹേല്‍ ബന്ദോപാദ്യായ് കുടുങ്ങിയത്. കഴിഞ്ഞ ഞായറാഴ്ച ഏഷ്യാനെറ്റ് ന്യൂസാണ് ഡോ. അഹേലിന്‍റെ വാര്‍ത്ത പുറത്ത് വിട്ടത്. കരസേനയുടേയും പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്‍റെയും ശ്രമഫലമായാണ് ഡോ. അഹേലിനെ തിരികെ കൊല്‍ക്കത്തയിലേക്ക് കൊണ്ടുവരാന്‍ സാധിച്ചത്. ഇംഫാലിലെ റിംസില്‍ മെഡിസിനില്‍ ബിരുദാനന്തര ബിരുദ പഠനത്തിന്‍റെ ഭാഗമായി എത്തിയതായിരുന്നു ഇവര്‍.

മെയ് മൂന്നിന് ആശുപത്രിയില്‍ നിന്ന് തിരികെ ക്വാട്ടേഴ്സിലേക്ക് എത്തുമ്പോഴേയ്ക്കും പലയിടങ്ങളില്‍ നിന്നും പുകയുയരുന്നത് അന്തരീക്ഷത്തില്‍ കാണാമായിരുന്നു. എന്താണ് കാരണമെന്ന് മനസിലായുമില്ല. കാന്‍റീനിലെത്തുമ്പോഴാണ് കലാപത്തിന്‍റെ വിവരങ്ങള്‍ അറിയുന്നത്. പിന്നാലെ കറന്‍റും പോയി. കറന്‍റ് പോവുന്നത് ഇവിടെ പതിവാണെങ്കിലും പതിവില്‍ വിപരീതമായിരുന്നു.  പുകയും തീ പടരുന്നതിന്‍റെ ചുവന്ന തിളക്കവും നിറഞ്ഞ് അന്തരീക്ഷത്തില്‍ കാണാമായിരുന്നു. ഏറെ താമസിയാതെ കലാപം ആശുപത്രിയിലേക്കുമെത്തി. നെറ്റ് വര്‍ക്കുകള്‍ ലഭ്യമല്ലാതെ വന്നതോടെ വീട്ടിലേക്ക് വിളിക്കാന്‍ പോലും കഴിയാത്ത  സാഹചര്യമായി. ആശുപത്രിയിലെത്തുന്ന മൃതദേഹങ്ങളുടെ എണ്ണവും ഗുരുതര പരിക്കേറ്റ് എത്തുന്നുവരുടെ എണ്ണവും ഉയര്‍ന്നു.

മെ​യ്തേ​യി സ​മു​ദാ​യ​ത്തിലുള്ളവരെ തിരഞ്ഞ് ആശുപത്രിയിലും കലാപകാരികള്‍ എത്തി. ജീവനക്കാര്‍ പലയിടങ്ങളിലായി ഒളിച്ചിരിക്കേണ്ടിവന്നു. വീടുമായി ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ ആശങ്കയും അധികമായി. ദിവസങ്ങള്‍ പിന്നിട്ടതോടെ കരസേനയുടെ ക്യാംപിലെത്തി. മെയ് 7ഓടെ സംസ്ഥാന സര്‍ക്കാരുകളുടെ കൂടി സഹോയത്തോടെ ഓരോ സംസ്ഥാനത്തുള്ളവരേയും സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതെന്നും ഓര്‍മ്മിച്ചെടുക്കുന്നു ഡോ. അഹേല്‍. അതേസമയം മണിപ്പൂർ കലാപത്തിൽ 60 പേർ മരിച്ചെന്നാണ് മുഖ്യമന്ത്രി ബിരേൻ സിംഗ് വിശദമാക്കുന്നു. കലാപത്തിൽ 231 പേർക്ക് പരിക്കേറ്റു. 1700 വീടുകൾ തീവച്ച് നശിപ്പിച്ചു. പുനരധിവാസ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നാണ് ബിരേൻ സിം​ഗ് കഴിഞ്ഞ ദിവസം അറിയിച്ചത്.

മണിപ്പൂരിലെ ജനസംഖ്യയുടെ 53% വരുന്ന മെയ്‌തി വിഭാഗം പ്രധാനമായും മണിപ്പൂർ താഴ്‌വരയിലാണ് താമസിക്കുന്നത്. മ്യാൻമറികളും ബംഗ്ലാദേശികളും നടത്തുന്ന വലിയ തോതിലുള്ള അനധികൃത കുടിയേറ്റം കാരണം ബുദ്ധിമുട്ട് നേരിടുന്നതായണ് മെയ്തി സമുദായത്തിന്റെ അവകാശവാദം. നിലവിലുള്ള നിയമമനുസരിച്ച്, സംസ്ഥാനത്തെ മലയോര മേഖലകളിൽ മെയ്തികൾക്ക് താമസിക്കാൻ അനുവാദമില്ല. ആദിവാസി ഇതര വിഭാഗമായ മെയ്തേയി വിഭാഗത്തിന് പട്ടിക വർഗ പദവി നല്‍കുന്നതിനെതിരെയാണ് സംസ്ഥാനത്തെ ആദിവാസി വിഭാഗം പ്രക്ഷോഭം നടത്തിയത്. 

Follow Us:
Download App:
  • android
  • ios