സമവായ സ്ഥാനാ‍ര്‍ത്ഥിയാവാൻ തരൂര്‍: ഗാന്ധി കുടുംബത്തിനെതിരെ മത്സരിക്കാൻ മനീഷ് തിവാരി?

Published : Sep 20, 2022, 03:18 PM IST
സമവായ സ്ഥാനാ‍ര്‍ത്ഥിയാവാൻ തരൂര്‍: ഗാന്ധി കുടുംബത്തിനെതിരെ മത്സരിക്കാൻ മനീഷ് തിവാരി?

Synopsis

സമവായമല്ല മത്സരം തന്നെ നടക്കണമെന്ന നിലപാടിലാണ് മനീഷ് തിവാരി. സമവായ സ്ഥാനാ‍ര്‍ത്ഥിയാവാൻ തരൂര്‍ ശ്രമിച്ചാൽ ഗാന്ധി കുടുംബത്തിനെതിരെ മനീഷ് തിവാരി മത്സരിച്ചേക്കും എന്ന സൂചന ശക്തമാണ്

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള ശശി തരൂരിന്‍റെ  മത്സരത്തില്‍ ഗ്രൂപ്പ് 23ലും ആശയക്കുഴപ്പം. ഗാന്ധി കുടുംബാംഗം അധ്യക്ഷ സ്ഥാനത്തേക്ക് വന്നാല്‍ പിന്മാറുമെന്ന തരൂരിന്‍റെ നിലപാടില്‍ ഒരു വിഭാഗം അതൃപ്തി അറിയിച്ചു. 

ഇതിനിടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് നിബന്ധന മുന്‍പോട്ട് വച്ചു. വിജ്ഞാപനത്തിന് ഒരു ദിവസം മാത്രം ശേഷിക്കേ ഭാരത് ജോഡോ യാത്രയിലുള്ള ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം ദില്ലിയിലെത്തി.

ശശി തരൂരിനെതിരെ കേരളഘടകം നെറ്റി ചുളിക്കുമ്പോള്‍ നേതൃമാറ്റം ആവശ്യപ്പെട്ട ഗ്രൂപ്പ് 23ലും ആശയക്കുഴപ്പം. പൊതു സമ്മതനാകാനുള്ള ശശി തരൂരിൻ്റെ ശ്രമവും, ഗാന്ധി കുടുംബത്തില്‍ ആരെങ്കിലും അധ്യക്ഷ സ്ഥാനത്തേക്ക് വന്നാല്‍ പിന്മാറുമെന്ന നിലപാടുമാണ് നേതാക്കളെ അതൃപ്തരാക്കുന്നത്. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ രാഹുല്‍ അധ്യക്ഷനാകണെന്ന ആഗ്രവും തരൂര്‍ അറിയിച്ചിരുന്നു.ഈ പശ്ചാത്തലത്തില്‍ ഗാന്ധി കുടുംബത്തിനെതിരെ മനീഷ് തിവാരി മത്സരിച്ചേക്കും എന്നാണ് സൂചന. സമവായമല്ല മത്സരം തന്നെ നടക്കണമെന്ന നിലപാടിലാണ് മനീഷ് തിവാരി. 

എന്നാല്‍ അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ തരൂര്‍ നിലപാട് പരസ്യപ്പെടുത്തിയിട്ടില്ല. കേരളഘടകം ഒന്നടങ്കം തനിക്കെതിരായ നിലപാട് സ്വീകരിക്കില്ലെന്നാണ് തരൂരിന്‍റെ കണക്ക് കൂട്ടല്‍. ഇതിനിടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാല്‍ താന്‍ മുന്‍പോട്ട് വയക്കുന്ന നിബന്ധന  അംഗീകരിക്കണമെന്ന് അശോക് ഗലോട്ട് സോണിയ ഗാന്ധിയോടാവശ്യപ്പെട്ടു.  തന്‍റെ വിശ്വസ്തന് മാത്രമേ മുഖ്യമന്ത്രി സ്ഥാനം കൈമാറൂവെന്നും സച്ചിന്‍ പൈലറ്റിനെ ആ പദവിയില്‍ അംഗീകരിക്കില്ലെന്നും ഗലോട്ട് അറിയിച്ചതയാണ് വിവരം. 

അടുത്ത വര്‍ഷം നിയമ സഭ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ആരെ തള്ളണം, ആരെ കൊള്ളണം എന്ന ആശയക്കുഴപ്പം ഹൈക്കമാന്‍ഡിനുണ്ട്. ഗലോട്ട് നിലപാട് തുടര്‍ന്നാല്‍ മുകുള്‍ വാസ്നിക്കിനെ മത്സരിപ്പിക്കുന്നതിനെ കുറിച്ച് ഹൈക്കമാന്‍ഡില്‍ ആലോചനയുണ്ട്. ചര്‍ച്ചകള്‍ കൂടുതല്‍ മുറുകുന്ന സാഹചര്യത്തിലാണ് വേണുഗോപാലിനെ സോണിയ ഗാന്ധി അടിയന്തരമായി ദില്ലിക്ക് വിളിപ്പിച്ചത്. മറ്റന്നാള്‍ വിജ്ഞാപനമിറങ്ങാനിരിക്കേ വോട്ടര്‍ പട്ടിക എഐസിസിസിയിലും പിസിസികളിലും പരസ്യപ്പെടുത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നവര്‍ക്കും വോട്ടവകാശമുള്ളവര്‍ക്കും മാത്രമേ പത്രിക കാണാന്‍ അനുവാദമുള്ളൂ. 


 

PREV
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ