ആന ചരിഞ്ഞ സംഭവം വര്‍ഗ്ഗീയ വത്കരിക്കുന്നത് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനെന്ന് കഠ്ജു

By Web TeamFirst Published Jun 6, 2020, 11:45 AM IST
Highlights

 ജയ് ശ്രീറാം എന്ന് ഉറക്കെ വിളിച്ചതുകൊണ്ട് തീരുന്നതല്ല, ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെന്ന് കഠ്ജു 

ദില്ലി: കേന്ദ്രത്തിന് കൊവിഡും സാമ്പത്തിക പ്രതിസന്ധിയും പരിഹരിക്കാനാകാത്തത് മറച്ചുവയ്ക്കാനാണ് കേരളത്തില്‍ ആന ചരിഞ്ഞ സംഭവം വര്‍ഗ്ഗീയ വത്കരിക്കുന്നതെന്ന് മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഠ്ജു. ജയ് ശ്രീറാം എന്ന് ഉറക്കെ വിളിച്ചതുകൊണ്ട് തീരുന്നതല്ല, ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെന്ന് കഠ്ജു പറഞ്ഞു. മുസ്ലിം ലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

''ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കൊവിഡ് ലോക്ക്ഡൗണ്‍ കാരണമാണ് ഇത് കൂടുതല്‍ രൂക്ഷമായത്. വ്യവസായങ്ങള്‍ വന്‍ സാമ്പത്തിക നഷ്ടത്തിലാണ് നടന്നുപോകുന്നത്. തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്ന മറ്റൊരു പ്രശ്നം. ഇതൊന്നും എങ്ങനെ പരിഹരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് അറിയില്ല. പകരം ബലിയാടുകളെ കണ്ടുപിടിക്കുകയാണ് കേന്ദ്രം. അതുവഴി സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കൊവിഡില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടുകയാണ് ലക്ഷ്യം. ഹിറ്റ്ലര്‍ക്ക് ജൂതന്മാരെന്ന പോലെ ഇന്ത്യയിലിത് മുസ്ലിംകള്‍ ആണ്. ജര്‍മ്മനിയുടെ എല്ലാ നഷ്ടവും ജൂതന്മാരുടെ തലയിലാണ് ഹിറ്റ്ലര്‍ കെട്ടിവച്ചത്. '' കഠ്ജു പറഞ്ഞു. 

ആന ചരിഞ്ഞത് മലപ്പുറം ജില്ലയിലല്ലെന്നും പാലക്കാടാണെന്നും അറിയാം. എന്നാല്‍ മേനകാ ഗാന്ധി പറഞ്ഞുകൊണ്ടിരിക്കുന്നത് ഇത് നടന്നത് മലപ്പുറത്താണെന്നാണ്. വന്യജീവി പ്രശ്നമുള്ളതിനാലാണ് പടക്കം നിറച്ച കെണി വച്ചത്. അല്ലാതെ ആനയെ കൊല്ലുക എന്ന ലക്ഷ്യത്തിലല്ലെന്ന് വ്യക്തമാണ്. എന്നാല്‍ ഇതിനെ വര്‍ഗ്ഗീയവത്കരിക്കാനാണാണ് മേനകാ ഗാന്ധിയും കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറും ശ്രമിക്കുന്നത്. ഇതെല്ലാം രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കഴിയാത്ത സര്‍ക്കാരിന്‍റെ ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമങ്ങളാണെന്നും മാര്‍ക്കണ്ഡേയ കഠ്ജു പറഞ്ഞു. 

click me!