
ദില്ലി: പാക് യുവതിയെ വിവാഹം കഴിയ്ക്കാൻ സിആർപിഎഫിൽ നിന്ന് അനുമതി വാങ്ങിയിരുന്നുവെന്ന് ജവാൻ മുനീർ അഹമ്മദ്. അനുമതിയില്ലാതെ പാക് യുവതിയെ വിവാഹം കഴിച്ചതിന് ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു. തുടർന്നാണ് വിശദീകരണവുമായി മുനീർ രംഗത്തെത്തിയത്. മാധ്യമ റിപ്പോർട്ടുകളിലൂടെയാണ് എന്നെ പിരിച്ചുവിട്ട വിവരം ഞാൻ ആദ്യം അറിഞ്ഞത്. തൊട്ടുപിന്നാലെ, സിആർപിഎഫിൽ നിന്ന് പിരിച്ചുവിട്ട വിവരം അറിയിച്ചുകൊണ്ട് ഒരു കത്ത് ലഭിച്ചു. ഇത് എന്നെയും എന്റെ കുടുംബത്തെയും ഞെട്ടിച്ചു. പാകിസ്ഥാൻ സ്ത്രീയുമായുള്ള വിവാഹത്തിന് ആസ്ഥാനത്ത് നിന്ന് അനുമതി നേടിയിരുന്നുവെന്ന് അദ്ദേഹം വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. വിസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ താമസിക്കാൻ അഹമ്മദ് ബോധപൂർവം ഭാര്യയെ സഹായിച്ചുവെന്നും ആരോപണമുണ്ടായിരുന്നു. പിരിച്ചുവിടൽ തീരുമാനത്തിനെതിരെ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് മുനീർ പറഞ്ഞു.
2017 ഏപ്രിലിൽ സിആർപിഎഫിൽ ചേർന്ന ജമ്മുവിലെ ഘരോട്ട പ്രദേശത്തെ താമസക്കാരനായ അഹമ്മദ്, ഓൺലൈനിലാണ് പാക് സ്വദേശിയായ മിനൽ ഖാനുമായി അടുക്കുന്നത്. 2024 മെയ് മാസത്തിൽ ഇരുവരും വിവാഹിതരായി. പാക് പഞ്ചാബ് പ്രവിശ്യയിലാണ് മിനൽ ഖാന്റെ സ്വദേശം. 2024 മെയ് 24 ന് വീഡിയോ കോളിലൂടെയായിരുന്നു നിക്കാഹ്. സിആർപിഎഫ് ആസ്ഥാനത്ത് നിന്ന് ഔപചാരിക അനുമതി ലഭിച്ചതിന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് വിവാഹം നടന്നതെന്ന് അഹമ്മദ് പറഞ്ഞു. എന്നാൽ, വിവാഹം വെളിപ്പെടുത്തുന്നതിൽ അഹമ്മദ് പരാജയപ്പെട്ടുവെന്നും വിസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ കൂടുതൽ സമയം താമസിക്കാൻ അവരെ അനുവദിച്ചുവെന്നും സിആർപിഎഫ് അറിയിച്ചു. ഈ നടപടി സേവന പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നും ദേശീയ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുമെന്നും സിആർപിഎഫ് വാദിക്കുന്നു. 26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്ഥാനെതിരെ ഇന്ത്യ നയതന്ത്രപരമായ പ്രതികരണം ശക്തമാക്കിയ സാഹചര്യത്തിലാണ് നടപടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam