ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായ ഇൻഡോറിലെ ഭഗീരത്പുരയിൽ, കുടിവെള്ള പൈപ്പിന് മുകളിലെ ശുചിമുറിയിൽ നിന്നുള്ള മലിനജലം കലർന്ന് 10 പേർ മരിക്കുകയും 1,100-ൽ അധികം പേർക്ക് രോഗം ബാധിക്കുകയും ചെയ്തു.
ഇൻഡോർ: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പേരുകേട്ട ഇൻഡോറിൽ മലിന ജലം കുടിവെള്ളത്തിൽ കലർന്ന സംഭവത്തിൽ മരണം 10 ആയി ഉയർന്നു. ഭഗീരത്പുരയിൽ വയറിളക്കവും ഛർദ്ദിയും പടർന്നുപിടിച്ചതിനെ തുടർന്ന് 10 പേർ മരിക്കുകയും 1,100 ൽ അധികം പേർക്ക് രോഗം ബാധിക്കുകയും ചെയ്തു. പ്രധാന ജലവിതരണ പൈപ്പ്‌ലൈനിലെ ചോർച്ചയാണ് മലിനീകരണത്തിന് കാരണമെന്ന് ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ (ഐഎംസി) കണ്ടെത്തി. പൈപ്പിന് മുകളിലായി ശുചിമുറി നിർമിച്ചിരുന്നു. ഇവിടെ നിന്നുള്ള മലിനജലം കുടിവെള്ളത്തിൽ കലർന്നതാണ് സംഭവനത്തിന് കാരണമെന്ന് ഐഎംസി കമ്മീഷണർ ദിലീപ് കുമാർ യാദവ് പറഞ്ഞു.
ടോയ്‌ലറ്റിൽ നിന്നുള്ള മാലിന്യം ജല പൈപ്പ്‌ലൈനിന് നേരിട്ട് മുകളിലുള്ള ഒരു കുഴിയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നുവെന്ന് നഗരസഭാ ഉദ്യോഗസ്ഥർ പറഞ്ഞു. ലൈനിൽ അയഞ്ഞ ജോയിന്റ് ഉണ്ടായിരുന്നിരിക്കാം. ഇതിലൂടെയായിരിക്കാം മലിനജലം കുടിവെള്ള വിതരണ സംവിധാനത്തിലേക്ക് കലരാൻ കാരണമായതെന്നും ഇവർ പറഞ്ഞു. ഭഗീരത്പുരയിലെ മലിനജലം കുടിച്ച് താമസക്കാർ രോഗബാധിതരായി ഒരാഴ്ചയ്ക്കുള്ളിൽ നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി മേയർ പുഷ്യമിത്ര ഭാർഗവ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ഉദ്യോഗസ്ഥരുടെ വീഴ്ചകൾ സമ്മതിച്ച മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയവർഗിയ, ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞു. നഗരവികസന, ഭവന മന്ത്രിയായി വിജയവർഗിയ പ്രതിനിധീകരിക്കുന്ന ഇൻഡോർ -1 നിയമസഭാ മണ്ഡലത്തിലാണ് ഭഗീരത്പുര വരുന്നത്. സ്ഥിതിഗതികൾ അവലോകനം ചെയ്ത മുഖ്യമന്ത്രി മോഹൻ യാദവ്, സംഭവത്തെ അടിയന്തര സമാനമായ സാഹചര്യമെന്ന് വിശേഷിപ്പിച്ചു. ഭാഗീരഥ്പുരയിൽ ഏകദേശം 40,000 പേരെ പരിശോധിച്ചതായും 2,456 സംശയാസ്പദമായ കേസുകൾ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിൽ 50 പേരെ സുഖം പ്രാപിച്ച ശേഷം ഡിസ്ചാർജ് ചെയ്തു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രി എല്ലാ രോഗികൾക്കും സൗജന്യ ചികിത്സ നൽകാനും ഉത്തരവിട്ടു. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് ബുധനാഴ്ച ഇടപെട്ട്, ജനുവരി 2 നകം ഡാറ്റ ശേഖരിച്ച് വിശദമായ സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോടും മുനിസിപ്പൽ കോർപ്പറേഷനോടും നിർദ്ദേശിച്ചു. ദുരിതബാധിതർക്ക് ശുദ്ധമായ കുടിവെള്ളം ഉടൻ വിതരണം ചെയ്യാനും സാധ്യമായ ഏറ്റവും മികച്ച വൈദ്യസഹായം നൽകാനും കോടതി ഉത്തരവിട്ടു.
